രാംഗഡ്‌ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന് ഉജ്ജ്വല ജയം
national news
രാംഗഡ്‌ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന് ഉജ്ജ്വല ജയം
ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 12:32 pm

ന്യൂദല്‍ഹി: രാംഗഡ്‌ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയാ ഖാനാണ് ബി.ജെ.പിയെ തറപറ്റിച്ച് മിന്നുന്ന വിജയം നേടിയത്.

മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സുബൈര്‍ ഖാന്റെ ഭാര്യയാണ് സാഫിയ ഖാന്‍. 12,228 വോട്ടുകള്‍ക്കാണ് സാഫിയ ഖാന്റെ വിജയം. ബി.ജെ.പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്.  തുടക്കം മുതലേ രാംഗഡില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്.


രാംഗഡ് ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ കുതിപ്പ്


അതേസമയം ജിന്ദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിഥാ ജെ.ജെ.പിയുടെ ദിഗ് വിജയ് ചൗതാലയേക്കാള്‍ 10000 വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇവിടെ മൂന്നാം സ്ഥാനത്താണ്. ജിന്ദ് മണ്ഡലത്തില്‍ നേരത്തെ ജെ.ജെ.പി(ജന്നായക് ജനതാ പാര്‍ട്ടി) യുടെ ദിഗ് വിജയ് ചൗതാലയായിരുന്നു മുന്നിട്ടു നിന്നത്.

വിജയത്തില്‍ സന്തോഷമുണ്ടെന്നും വിജയം പ്രതീക്ഷിച്ചിരുന്നെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിടിനിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നായിരുന്നു രാംഗഡില്‍ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്. ഐ.എന്‍.എല്‍.ഡിയുടെ എം.എല്‍.എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ജിന്ദില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മൂന്ന് സംസ്ഥാനങ്ങളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് രണ്ടിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നിലവില്‍ മണ്ഡലം ഐ.എന്‍.എല്‍.ഡിയുടേതാണെങ്കിലും സംസ്ഥാനത്ത് 2014 ല്‍ ഭരണം നേടിയ ജയം വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഹരി ചന്ദ് മിദ്ധയുടെ മകന്‍ ഐ.എന്‍.എല്‍.ഡിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതും പാര്‍ട്ടിക്ക് നേട്ടമാണ്.