മോദിയും യോഗിയും പോരടിക്കുമ്പോള്‍; എന്താകും യു.പിയുടെ ഭാവി
Discourse
മോദിയും യോഗിയും പോരടിക്കുമ്പോള്‍; എന്താകും യു.പിയുടെ ഭാവി
ഗോപിക
Sunday, 13th June 2021, 4:00 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ബി.ജെ.പിയില്‍ നിന്നുള്ള മറുപടിയായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ അപ്രതീക്ഷിതമായി ഇപ്പോള്‍ മോദിയും യോഗിയും തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പോരിനെയും യു.പിയില്‍ പിടിമുറുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളെയും ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയലോകം നോക്കിക്കാണുന്നത്.

2014 മുതല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. രാജ്യാധികാരം നേടിയതിന് പിന്നാലെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ബി.ജെ.പിക്ക് ഘട്ടം ഘട്ടമായ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. 2021ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ തന്നെ വിഭാഗീയതകളും തിരിച്ചടികളുമാണെന്നാണ് ഈയടുത്ത് നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മോദിയുടെ പ്രതിരൂപമെന്ന് സംഘപരിവാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിച്ച യോഗി ആദിത്യനാഥും കേന്ദ്രവും തമ്മിലുണ്ടായിരിക്കുന്ന ശീതയുദ്ധം ഈ തിരിച്ചടികളുടെ സൂചനയാണ്. മോദിയുടെ കൈകടത്തലുകള്‍ യോഗി സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. യു.പിയില്‍ യോഗിയ്ക്ക് മുന്നില്‍ മോദി സര്‍ക്കാരിന് കാലിടറുകയാണോ? യോഗിയ്ക്കും മോദിയ്ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത്? പരിശോധിക്കാം.

യു.പിയില്‍ പിടിമുറുക്കേണ്ട സമയമായെന്ന് കേന്ദ്രം

2017ല്‍ വന്‍ ഭൂരിപക്ഷത്തോടെ യു.പിയില്‍ വിജയിച്ച യോഗി ആദിത്യനാഥ് എന്ന അജയ് സിങ് ഭിഷ്ട് ബി.ജെ.പിയിലെ തീവ്ര ഹിന്ദുത്വ വാദത്തിന്റെ പ്രമുഖ വക്താവായിരുന്നു. യോഗിയ്ക്ക് യു.പിയുടെ ചുമതല നല്‍കിയതിനോടൊപ്പം തങ്ങളുടെ രാഷ്ട്രീയം കൃത്യമായി വ്യക്തമാക്കാനും ബി.ജെ.പിക്ക് അന്ന് സാധിച്ചിരുന്നു. ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയത്തിന്റെ വക്താവെന്ന് ഖ്യാതി നേടിയ യോഗി തന്റെ മുസ്ലിം-ദളിത് വിരോധം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ പാക് തീവ്രവാദി ഹാഫീസ് സെയ്ദുമായി താരതമ്യപ്പെടുത്തിയത് അതിനൊരു ഉദാഹരണം മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ രാജ്യസഭാ, ലോക്സഭാ സീറ്റുകളുള്ള യു.പിയില്‍ യോഗിയെ തെരഞ്ഞെടുത്തതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാകാമെന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

യോഗി ആദിത്യനാഥ്

എന്നാല്‍ 2021 മുതല്‍ യോഗിയ്ക്ക് അനുകൂലമായിട്ടല്ല കേന്ദ്രസര്‍ക്കാരിന്റെ ഓരോ നീക്കവും. യോഗിയെ തള്ളിപ്പറഞ്ഞ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തിയത് ഇപ്പോഴത്തെ യോഗി-മോദി പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്.

കൊവിഡ് രോഗം വ്യാപിക്കുന്ന സമയത്തും ക്യത്യമായ ഇടപെടല്‍ നടത്താന്‍ യോഗിയ്ക്ക് കഴിഞ്ഞില്ലെന്ന ആരോപണം ഒരു ഭാഗത്ത്. കൂടാതെ, കൊവിഡ് രോഗികളുടെ ശവങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്നതും, സര്‍ക്കാരുദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതും തുടര്‍ന്നുണ്ടായ മരണങ്ങളും, സ്വന്തം എം.എല്‍.എ മാരോടും എം.പിമാരോടും പോലും ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ നടത്താത്തതുമെല്ലാമടക്കം നിരവധി ആരോപണങ്ങളാണ് യോഗിയ്ക്കെതിരെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ നിന്നുയരുന്നത്.

ഇതിനെല്ലാം പുറമേ യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ബി.ജെ.പിയ്ക്ക് കഴിയാത്തതും കേന്ദ്രത്തെ ആശങ്കയിലാഴ്ത്തി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ പോയ യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നടത്തിയ മുന്നേറ്റം 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകുമോ എന്ന ആശങ്കയാണ് യോഗിയെ നിയന്ത്രിക്കേണ്ട സമയമായെന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിറകില്‍.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് തിരിച്ചടി- മോദി-ഷാ ആര്‍.എസ്.എസ് യോഗം

ഇക്കഴിഞ്ഞ മെയ് മാസത്തിന്റെ അവസാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും ആര്‍.എസ്.എസ് നേതാക്കളും ചേര്‍ന്ന് ദല്‍ഹിയില്‍ ഒരു യോഗം നടത്തിയിരുന്നു.

രാജ്യത്തെ കൊവിഡ് പ്രതിരോധം കേന്ദ്രത്തിന്റെ പ്രതിഛായയെ ബാധിച്ചുവെന്നു തന്നെയാണ് ആ യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന അഭിപ്രായം. ഇതോടെ മുഖം മിനുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നായി. അതിന്റെ ആദ്യപടിയെന്നോണം യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്തെ എം.എല്‍.എമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിപ്പെടണമെന്നും അഭിപ്രായമുയര്‍ന്നു. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് അതിനു കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിയ്ക്കേറ്റ കനത്ത പരാജയം നിയമസഭയില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നുയര്‍ന്ന ഭൂരിപക്ഷാഭിപ്രായം യു.പിയിലേക്ക് കേന്ദ്രത്തിന്റെ ശ്രദ്ധ തിരിയുന്നതിന് കാരണമാകുകയായിരുന്നു.

നരേന്ദ്ര മോദി

വിശ്വസ്തനെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന: സംഘടനയ്ക്കായി മോദി, വഴങ്ങാതെ യോഗി

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ യോഗിയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് ബി.ജെ.പിയ്ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് യു.പിയില്‍ മന്ത്രിസഭാ പുന: സംഘടനയെപ്പറ്റി കേന്ദ്ര നേതൃത്വം ചില ചര്‍ച്ചകള്‍ നടത്തിയത്. യോഗിയും സംസ്ഥാനത്തെ എം.എല്‍.എമാരും തമ്മിലുള്ള പോര് ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്രം കണ്ട വഴിയാണ് മന്ത്രിസഭാ പുന:സംഘടന.

നിലവിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയെ പാര്‍ട്ടി അധ്യക്ഷനാക്കിയ ശേഷം ഇപ്പോഴത്തെ അധ്യക്ഷനായ സ്വതന്ത്ര ദേവ് സിംഗ്, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.കെ. ശര്‍മ്മ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രനീക്കം. ഇതില്‍ എ.കെ. ശര്‍മ്മയുടെ പേര് എടുത്തുപറയേണ്ടതാണ്. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നത് യു.പിയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു.പിയില്‍ യോഗിയുടെ എതിരാളിയാകുന്ന മോദിയുടെ വിശ്വസ്തനായ ഈ എ.കെ. ശര്‍മ്മ ആരാണ്?

ഗുജറാത്തില്‍ നിന്നുള്ള മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എ.കെ. ശര്‍മ്മ. നിലവില്‍ ഉത്തര്‍പ്രദേശിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ ഇദ്ദേഹത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ സ്വീകാര്യത ഏറെയാണ്. എന്നാല്‍ യു.പിയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയത് മറ്റൊരു സംഭവമാണ്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സമയം. ഉത്തര്‍പ്രദേശിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്ത സമയം. മോദിയുടെ മണ്ഡലമായ വാരണാസിയിലും രൂക്ഷമായ സ്ഥിതിവിശേഷമായിരുന്നു. ഈ ഘട്ടത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി കേന്ദ്രം എ.കെ. ശര്‍മ്മയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് ശര്‍മ്മയുടെ ഇടപെടലിലൂടെ യു.പിയിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വാരണാസിയെ രോഗവ്യാപന നിരക്ക് കുറവുള്ള ജില്ലയാക്കി മാറ്റാന്‍ പിന്നീടുള്ള ദിവസങ്ങളില്‍ സാധിച്ചുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

എ.കെ. ശര്‍മ്മ

ഇതോടെ എ.കെ ശര്‍മ്മ ബി.ജെ.പിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന കണക്കൂകൂട്ടലില്‍ കേന്ദ്രനേതൃത്വം എത്തുകയും ചെയ്തു. 2021 ജനുവരിയില്‍ തന്റെ ഐ.എ.എസ് ഉദ്യോഗം ഉപേക്ഷിച്ച് ശര്‍മ്മ രാഷ്ട്രീയത്തിലിറങ്ങിയതിന്റെ കാരണവും ഇപ്പോള്‍ വ്യക്തമാണ്. ഉത്തര്‍പ്രദേശില്‍ ശര്‍മ്മയെ കാര്യമായ രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന പാര്‍ട്ടി കണക്കുകൂട്ടല്‍ അദ്ദേഹത്തെ മോദിയുടെ വിശ്വസ്തനാക്കി. എന്നാല്‍ എ.കെ. ശര്‍മ്മയെ മന്ത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതിലുള്ള എതിര്‍പ്പുകള്‍ യോഗി പ്രകടിപ്പിക്കുകയും ചെയ്തു.

യോഗിയെ ഒഴിവാക്കി യു.പിയിലെ ബി.ജെ.പി കൂടിക്കാഴ്ച

ഇതിനിടയില്‍ യോഗിയെ ഒഴിവാക്കിക്കൊണ്ട് യു.പിയില്‍ ബി.ജെ.പിയുടെ കൂടിക്കാഴ്ചയും നടന്നു. ജൂണ്‍ ആദ്യവാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, വൈസ് പ്രസിഡന്റ് രാധ മോഹന്‍ സിംഗ് എന്നിവര്‍ ലക്നൗവിലെത്തി യോഗി മന്ത്രിസഭയിലെ 15 മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായ യോഗിയെ ഒഴിവാക്കി നടത്തിയ കൂടിക്കാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്നാണ് കൂടിക്കാഴ്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രധാന അഭിപ്രായം. എന്നാല്‍ ഇത് പരസ്യമാക്കാന്‍ നേതൃത്വം തയ്യാറായില്ല. യു.പിയില്‍ യോഗിയെ കേന്ദ്രനേതൃത്വത്തിന് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല. അതേസമയം യോഗിയ്ക്ക് ഒറ്റയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനും കഴിയില്ല. ഇതില്‍ നിന്നാണ് കേന്ദ്രം യു.പിയില്‍ പിടിമുറുക്കണമെന്ന ആവശ്യമുയര്‍ന്നത്.

മന്ത്രിസഭാ പുന: സംഘടന ഉടന്‍? ചര്‍ച്ചയായി രാധമോഹന്‍ സിംഗ്- ഗവര്‍ണര്‍ കൂടിക്കാഴ്ച

ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ പുന:സംഘടനയ്ക്കായി കേന്ദ്രം ഇടപെടുന്നുവെന്നതിന്റെ ഉദാഹരണമാണ് സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗ് യു.പി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച. പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഗവര്‍ണറെ കണ്ടിട്ടില്ലെന്നും ഒരു മര്യാദയുടെ പുറത്ത് നടത്തിയ കൂടിക്കാഴ്ചയാണെന്നുമൊക്കെയാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാധമോഹന്‍ സിംഗ് പറഞ്ഞത്.

യോഗിയെ മാറ്റി നിര്‍ത്തുമോ?

ഉത്തര്‍പ്രദേശില്‍ കേന്ദ്രം നടത്തുന്ന ഇപ്പോഴത്തെ ഇടപെടലുകള്‍ മന്ത്രിസഭാ പുന: സംഘടനയാണോ അതോ യോഗി ആദിത്യനാഥിനെ മാറ്റി നിര്‍ത്താനുള്ള നീക്കമാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. യു.പിയില്‍ യോഗിയെ മാറ്റിനിര്‍ത്തിയുള്ള ഒരു മാറ്റത്തിന് കേന്ദ്രം തയ്യാറാകില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യോഗി എന്ന ഹിന്ദുത്വ നേതാവിനുള്ള വന്‍ ഭൂരിപക്ഷം തന്നെയാണ് കാരണം. മറ്റൊന്ന് യോഗിയ്ക്കുള്ള ആര്‍.എസ്.എസ് പിന്തുണയാണ്. യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യല്‍ അത്ര എളുപ്പമല്ലെന്ന് കേന്ദ്ര നേതൃത്വത്തിന് അറിയാം. താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് വലിയ സ്വാധീനമുള്ള യു.പിയില്‍ ഹിന്ദുത്വ വോട്ടുകള്‍ പിടിക്കേണ്ടത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഇതു തന്നെയാണ് യോഗിയ്ക്ക് തുണയാകുന്നത്.

നിലവില്‍ യു.പി ബി.ജെ.പിയ്ക്കുള്ളിലെ എതിര്‍സ്വരങ്ങളെ അനുനയിപ്പിച്ച് കേന്ദ്രത്തിന്റെ നിയന്ത്രണത്തോടെയുള്ള ഭരണ പരിഷ്‌കാരങ്ങളാകും സംസ്ഥാനത്ത് വരാനിരിക്കുന്നത്. ബംഗാള്‍ പോലെയല്ല ബി.ജെ.പിയ്ക്ക് യു.പി. രാജ്യസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക വോട്ട് പ്രാതിനിധ്യമുള്ള യു.പിയില്‍ യോഗിയെ മുഖമാക്കിയുള്ള ഭരണത്തിനാകും ബി.ജെ.പി നേതൃത്വത്തിന്റ മുന്‍തൂക്കം നല്‍കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Conflicts between Yogi and Modi – What is happening in UP

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.