ന്യൂദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ യൂറോപ്പിലേക്കും യു.എസിലേക്കുമടക്കം അഞ്ച് സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. യു.എസ്, യൂറോപ്പ്, കാനഡ അടക്കം അഞ്ച് സ്ഥലങ്ങളിലേക്കുള്ള വിമാനസര്‍വീസാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാനങ്ങളെയും സംഘര്‍ഷം ബാധിച്ചുവെന്നാണ് വിവരം. ചില വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാനസര്‍വീസുകളില്‍ മിഡില്‍ ഈസ്റ്റിലൂടെ പോവുന്നതില്‍ ഉള്‍പ്പെടുന്നുവെന്നും എന്നാല്‍ വ്യോമാതിര്‍ത്തിയിലെ നിയന്ത്രണം വിമാനസര്‍വീസുകളെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വടക്കേ അമേരിക്കയിലേയും യൂറോപ്പിലെയും കിഴക്കന്‍ തീരത്തേക്കുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ നഗരങ്ങളിലേക്കും ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍ എന്നീ നാല് യു.എസ് വിമാനത്താവളങ്ങളിലേക്കും കാനഡയിലേക്കുമുള്ള സര്‍വീസുകളും തടഞ്ഞിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സമയബന്ധിതമായി തന്നെ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പോകുന്ന വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടതായും കണ്ണൂരില്‍ നിന്നുള്ള വിമാനം തിരിച്ചിറക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു.
ദുബായിലെ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ എല്ലാ വിമാനസര്‍വീസുകളെയും ബാധിക്കപ്പെടാമെന്ന് സ്പൈസ് ജെറ്റും എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ദുബായ്, ദോഹ, ബഹ്റൈന്‍, ദമ്മാം, അബുദാബി, കുവൈറ്റ്, റാസ് എ.ഐ-ഖൈമ, ടിബിലിസി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ബാധിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.