കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ്‌യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലെ മുറിയിൽ വെച്ച് റോയ് സ്വയം വെടിയുതിർത്തെന്നാണ് പ്രാഥമിക നിഗമനം.
തലയ്ക്ക് വെടിയേറ്റ നിലയിലാണ് റോയ്‌യെ കണ്ടെത്തിയത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിലെ ഓഫീസിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിവരികയാണ്. സമാനമായി ഇന്നും (വെള്ളി) റെയ്ഡ് നടന്നിരുന്നു. ഇതിനുപിന്നാലെയാണ് റോയ് വെടിയുതിർത്ത് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഓഫീസിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ട ഉദ്യോഗസ്ഥര്‍ റൂം പരിശോധിച്ചപ്പോഴാണ് റോയ്‌യെ വെടിയുതിര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 57 വയസായിരുന്നു.
കൊച്ചി സ്വദേശിയായ റോയ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനാണ്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമായുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
സിനിമാ നിര്‍മാണ മേഖലയിലും സജീവമായിരുന്നു. കാസനോവ, മേഹ് ഹൂം മൂസ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.