കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിക്ക് രാജ്യത്തെ സംരക്ഷിക്കാനാവില്ല; മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ഒരു വാക്ക് മിണ്ടിയില്ല: മോദിയുടെ മൗനത്തെ വിമര്‍ശിച്ച് രാഹുല്‍
India
കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിക്ക് രാജ്യത്തെ സംരക്ഷിക്കാനാവില്ല; മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ഒരു വാക്ക് മിണ്ടിയില്ല: മോദിയുടെ മൗനത്തെ വിമര്‍ശിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2026, 5:32 pm

ന്യൂദല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചിരിക്കുന്നത്.

യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയെ കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി എന്നും രാഹുല്‍ തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

‘മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകളെ അന്താരാഷ്ട്ര സമുദ്രമേഖലയില്‍ വെച്ച് അമേരിക്ക ആക്രമിക്കുകയും മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ നമ്മുടെ കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കെങ്കിലും പറഞ്ഞോ?’ രാഹുല്‍ കുറിച്ചു.

ഒരു വിദേശ സൈന്യം ഇന്ത്യക്കാരെ കൊലപ്പെടുത്തിയാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടതുണ്ട്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിക്ക് രാജ്യത്തെയോ ജനത്തെയോ രക്ഷിക്കാനാവില്ലെന്നും ഇന്ത്യക്കാരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യമോ ശക്തിയോ പ്രധാനമന്ത്രിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ നാവികരെ യു.എസ് കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷം നടക്കാന്‍ പോകുന്ന ജി സെവന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടാന്‍ പോകില്ലെന്നും രാഹുല്‍ പറഞ്ഞു.

‘അടുത്ത ആഴ്ച നടക്കുന്ന ജി7 യോഗം നാവികര്‍ കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ്. യോഗത്തില്‍ മോദി പുഞ്ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യും, കോംപര്‍മൈസ്ഡ് ചെയ്യും. പക്ഷേ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യക്കാരെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടില്ല,’ രാഹുല്‍ കുറിച്ചു.

‘കോംപര്‍മൈസ് ചെയ്ത പ്രധാനമന്ത്രിക്ക് ഇന്ത്യയെയോ ഇന്ത്യക്കാരെയോ സംരക്ഷിക്കാനാവില്ല. കാരണം ഇന്ത്യക്കാരെ കൊന്നവര്‍ക്കെതിരെ രോഷം കൊള്ളാനുള്ള ശക്തിയോ ധൈര്യമോ അദ്ദേഹത്തിനില്ല,’ രാഹുലിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ പറയുന്നു.

നേരത്തെ കോണ്‍ഗ്രസ് തൃപുര സംസ്ഥാന ഘടകവും വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ നാവികരുടെ മരണങ്ങളില്‍ ഇറാന്‍ അപലപിച്ചെന്നും ഇന്ത്യയ്ക്ക് ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ തൃപുര ഘടകം അഭിപ്രായപ്പെട്ടു. ഈ ആക്രമണങ്ങളെ ‘സായുധ കൊള്ള’ എന്നും കടല്‍ക്കൊള്ള’ എന്നും വിശേഷിപ്പിച്ച് ഇറാന്‍ അപലപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇന്ത്യക്കാരുമായി സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ക്ക് നേര്‍ക്കായിരുന്നു യു.എസ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച 24 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന എം.ടി മാട്രിവെക്സ് എന്ന കപ്പലിന് നേര്‍ക്കാണ് ആദ്യത്തെ യു.എസ് ആക്രമണം. കപ്പലിലെ 24 നാവികരെയും രക്ഷിക്കാന്‍ സാധിച്ചിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച എം.ടി സെറ്റബെല്ല എന്ന എണ്ണക്കപ്പലും യു.എസ് ആക്രമിച്ചു. 24 ഇന്ത്യന്‍ നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ മൂന്ന് പേര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സെറ്റബെല്ല കപ്പലിന് നേര്‍ക്കുള്ള ആക്രമണത്തിന് ശേഷം എം.ടി. ജല്‍വീര്‍ എന്ന കപ്പലും യു.എസ് ആക്രമിച്ചു. 20 ഇന്ത്യന്‍ നാവികരായിരുന്നു ഈ കപ്പലിലുണ്ടായിരുന്നത്.

ജല്‍വീര്‍ കപ്പല്‍ ആക്രമണത്തിന് ശേഷം മൂന്ന് ആക്രമണങ്ങളും നടത്തിയത് യു.എസ് തന്നെയാണെന്ന് യു.എസിന്റെ സംയുക്ത സൈനിക കേന്ദ്രമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ (സെന്റ്കോം) പ്രസ്താവന പുറത്ത് വന്നിരുന്നു. പ്രസ്താവനയില്‍ സെന്റ്കോം ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

Content Highlight: compromised PM Not even said a word: Rahul Gandhi criticized silence of PM Narendra Modi in US attack on ships and killing of Three Indian Seamen