കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യ) പ്രസിഡന്റുമായ സാജ് കുര്യനാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയാണ് പരാതി.
എ.ഡി.ജിപിയുടെ അബുദാബി യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ പരാതി സൗത്ത് ലൈവ് വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്ത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ പൊലീസില്‍ നിന്നും സമ്മര്‍ദമുണ്ടായതായി സൗത്ത് ലൈവ് പറയുന്നു.
ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് ശ്രീജിത് അബുദാബിയിലെത്തിയത്. ഈ സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ സൗത്ത് ലൈവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.
ശ്രീജിത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് ബോധ്യമായതിനാലാണ് വിഷയം വാര്‍ത്തയാക്കിയതെന്നും മാനേജിങ് എഡിറ്റര്‍ സാജ് കുരുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സൈബര്‍ പൊലീസ് മേധാവി കൂടിയായ എ.ഡി.ജി.പി ശ്രീജിത്ത് ഇടപെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും വാര്‍ത്ത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും സൗത്ത് ലൈവ് പരാതിയില്‍ വ്യക്തമാക്കുന്നു. ഇത് മാധ്യമസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ എ.ഡി.ജി.പി ശ്രീജിത്ത് സൈബര്‍ ഓപ്പറേഷന്‍ മേധാവിയായ ഉടന്‍ തന്നെ വണ്‍ ഇന്ത്യ മലയാളം എന്ന മാധ്യമ സ്ഥാപനത്തോടും ഡെയ്ലി ഹണ്ട് എന്ന ന്യൂസ് ഫീഡ് ആപ്പിനെതിരെയും സമാന നടപടികള്‍ സ്വീകരിച്ചെന്ന് ആരോപണമുണ്ട്.
എ.ഡി.ജി.പി ശ്രീജിത്തിനെതിരെ യു.പി.എസ്.സിക്ക് ലഭിച്ച ഒരു പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത ഡിലീറ്റ് ചെയ്യണമെന്ന് ശ്രീജിത്ത് വണ്‍ ഇന്ത്യയോടും ഡെയ്‌ലി ഹണ്ടിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും സൗത്ത് ലൈവ് തങ്ങളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Complaint to the Chief Minister against ADGP Sreejith for abuse of power