ആലപ്പുഴ: തൃശൂര്‍ എം.പി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി അനൂപ് ആന്റണി. ബി.ജെ.പിയിലെ എയിംസ് തര്‍ക്കത്തിലാണ് അനൂപ് ആന്റണി പരാതി നല്‍കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ നിരന്തരമായ വിവാദ പ്രസ്താവനകളും നിലപാടുകളും സംസ്ഥാന ബി.ജെ.പിയെ നിഴലിലാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ അടക്കിനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെടുകയും ചെയ്യും. അടുത്തയാഴ്ച രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നാണ് വിവരം.
അതേസമയം എയിംസ് ആലപ്പുഴയില്‍ തന്നെ വേണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു.
ഇതിനിടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നേരിട്ടെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്മിറ്റിയില്‍ എയിംസ് സംബന്ധിച്ച വിഷയത്തില്‍ നദ്ദ അന്തിമ നിലപാട് വ്യക്തമാക്കും. സെപ്റ്റംബര്‍ 27ന് നദ്ദ കൊല്ലത്തെത്തും.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരാനാണ് ഈ നീക്കമെന്നും ആലപ്പുഴയ്ക്കാണ് ഏറ്റവും യോഗ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും ഇതിനെ എതിര്‍ത്താല്‍ തൃശൂരില്‍ എയിംസ് കൊണ്ടുവരും. ഇതിനായി പ്രധാനമന്ത്രിയോടും ആരോഗ്യമന്ത്രിയോടും സംസാരിക്കുമെന്നും തനിക്ക് അതിനുള്ള യോഗ്യതയും അവകാശവുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പിന്നാലെ ആലപ്പുഴ ജില്ലയില്‍ എയിംസ് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ സുരേഷ് ഗോപി എം.പിയെ തള്ളി കാസര്‍ഗോഡ് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.
കാസര്‍ഗോഡാണ് എയിംസ് വരേണ്ടതെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. എയിംസിന് യോഗ്യമായ ഇടം ആലപ്പുഴയല്ല. അങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ശ്രീകാന്ത് പ്രതികരിച്ചിരുന്നു
എയിംസ് കാസര്‍ഗോഡ് കൊണ്ടുവരണമെന്ന ആവശ്യമുന്നയിക്കുന്ന ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് കെ. ശ്രീകാന്ത്. മുമ്പും ഈ ആവശ്യമുന്നയിച്ച് ശ്രീകാന്ത് രംഗത്തെത്തിയിട്ടുണ്ട്.
Content Highglight: Complaint to BJP central leadership against Suresh Gopi