ട്രെയിനില്‍ വെച്ച് മദ്യലഹരിയില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചു; ടി.ടി.ഇ അറസ്റ്റില്‍
national news
ട്രെയിനില്‍ വെച്ച് മദ്യലഹരിയില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചു; ടി.ടി.ഇ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 4:55 pm
ലഖ്നൗ: യു.പിയില്‍ മദ്യലഹരിയിലായിരുന്ന ടി.ടി.ഇ( Ticket Examiner) യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചതായി പരാതി. തിങ്കളാഴ്ച പുലര്‍ച്ചെ അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന 12317 നമ്പരിലുള്ള അകാല്‍ തഖ്ത് എക്സ്പ്രസിന്റെ എ1 കോച്ചിലാണ് സംഭവം.

പരാതിക്കാരിയായ അമൃത്സര്‍ സ്വദേശിനി റെയില്‍വെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ ടി.ടി.ഇ ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി മുന്ന കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയം ഇയാള്‍ ജോലിയിലില്ലായിരുന്നുവെന്നും അവധിയെടുത്ത് സഹരന്‍പൂരിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


 

യുവതിയുടെ ബഹളം കേട്ട് തടിച്ചുകൂടിയ യാത്രക്കാര്‍ മുന്ന കുമാറിനെ
ലഖ്നൗവിലെ ചാര്‍ബാഗിലെ റെയില്‍വേ പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഐ.പി.സി 352, 354 എ, 509 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.