തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരേയും ബി.ഡി.ജെ.എസ് സംസ്ഥാന ജഡനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരേയും പരാതിയുമായി മാധ്യമ പ്രവര്‍ത്തകന്‍. കടവില്‍ റഷീദാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും കണ്ടാലറിയാവുന്ന പത്ത് പേരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
എസ്.എന്‍.ഡി.പിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടി.പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു.
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. പിന്നീട് നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നും യാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുകയുണ്ടായി.
ഇതോടെ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സെന്‍കുമാര്‍ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ പ്രകോപിതനായ സെന്‍കുമാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് സുഭാഷ് വാസുവിനും ശകാരം കിട്ടിയിരുന്നു.