ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനും സമന്‍സ്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലാ കോടതിയാണ് സമന്‍സ് അയച്ചത്. ബി.ജെ.പി നേതാവ് ഹിരാലാല്‍ സിങ് നല്‍കിയ പരാതിയിലാണ് നടപടി.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിഭ റാണിയാണ് സമന്‍സ് പുറപ്പെടുവിച്ചത്. രാഹുലിനും യാദവിനും പുറമെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനിയും കോടതിക്ക് മുമ്പാകെ ഹാജരാകണം.
സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തന്റെ അമ്മയെ അപമാനിച്ചുവെന്നായിരുന്നു മോദിയുടെ പ്രതികരണം. ബീഹാറിലെ വനിതകള്‍ക്കുള്ള സംരംഭകത്വ വികസന നിധി, വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.
തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന് രാജ്യത്തെ എല്ലാ അമ്മമാരെയും അപമാനിക്കുന്നുവെന്നുമാണ് മോദി വൈകാരികമായി പ്രതികരിച്ചത്.
അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി നടത്തിയ പ്രകടനം ബീഹാറിലെ എല്ലാ അമ്മമാരെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു. തന്റെ അമ്മയെ അപമാനിച്ചതില്‍ താന്‍ മാപ്പ് നല്‍കും.
എന്നാല്‍ ബീഹാറിലെ ജനത ക്ഷമിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. വോട്ടര്‍ അധികാര്‍ യാത്രക്കിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമായത്.
Content Highlight: Complaint of insulting the modi; Summons to Rahul Gandhi and Tejashwi Yadav