അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍, ജാമ്യം
Kerala News
അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍, ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 10:29 pm

തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മാഹി സ്വദേശിനിയാണ് ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയത്.

വീഡിയോയിലൂടെ ലൈംഗിതാധിക്ഷേപം നടത്തി അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മാഹി സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നത്.

2024 ഡിസംബര്‍ 23ന് യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ യുവതിയെ അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യു.എ.ഇയിലെ ബാങ്കില്‍ ജോലി ചെയ്യുന്ന യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ സംഹിത 79ാം വകുപ്പും ഐ.ടി നിയമത്തിലെ 120ാം വകുപ്പുമാണ് ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് ശേഷം ഷാജന്‍ സ്‌കറിയയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പിന്നാലെ രാത്രിയോടെ ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പ്രതികാരമെന്നോണമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഷര്‍ട്ടിടാന്‍ പോലും സമ്മതിക്കാതെയാണ് വീട്ടില്‍ നിന്നും പൊലീസ് കൊണ്ടുപോയതെന്നും ഷാജന്‍ സ്‌കറിയ ആരോപിച്ചു.

Content Highlight: Complaint for giving defamatory news; Shajan Skaria arrested