റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി കൊടുത്ത സംഭവം; ബി.ജെ.പി കൗണ്‍സിലറുടെ നടപടിയില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
Kerala News
റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി കൊടുത്ത സംഭവം; ബി.ജെ.പി കൗണ്‍സിലറുടെ നടപടിയില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 9:40 pm

കോഴിക്കോട്: റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി കൊടുത്ത സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ബി.ജെ.പി നേതാവും പാലക്കാട് കൗണ്‍സിലറുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയിലാണ് സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതിനാലാണ് അതൃപ്തിയെന്നാണ് വിവരം. എന്ത് അടിസ്ഥാനത്തിലാണ് എന്‍.ഐ.എക്ക് പരാതി നല്‍കിയതെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദിച്ചത്.

മിനി കൃഷ്ണകുമാറിന്റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കാനിടയായെന്നും ഇനി വേടനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് കാണിച്ച് പാലക്കാട് ബി.ജെ.പി നഗരസഭ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിശേഷിപ്പിച്ചെന്നും ഇത് തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് ബി.ജെ.പി കൗണ്‍സിലര്‍ പരാതി നല്‍കിയത്.

വേടന്റെ അഞ്ച് വര്‍ഷം മുമ്പുള്ള പരിപാടിയെക്കുറിച്ചാണ് ഇപ്പോള്‍ ബി.ജെ.പി നേതാവ് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സി.എ.എ-എന്‍.ആര്‍.സി പ്രക്ഷോഭ സമയത്തായിരുന്നു വേടന്‍ ഈ പാട്ട് ആലപിച്ചത്.

കപടദേശവാദി നാട്ടില്‍ മത ജാതി വ്യാധി
തലവനില്ല ആധി
നാട് ചുറ്റിടാന്‍ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി,’ എന്നിങ്ങനെയായിരുന്നു വേടന്റെ പാട്ടിന്റെ വരികള്‍.

Content Highlight: Complaint filed with NIA against rapper Vedan; State leadership unhappy with BJP councilor’s action