ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വാല്‍മീകി സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആജ് തക് മാനേജിങ് എഡിറ്റര്‍ അഞ്ജന ഓം കശ്യപിനെതിരെ കേസ്. ഭാരതീയ വാല്‍മീകി ധര്‍മ സമാജത്തിന്റെ പരാതിയിലാണ് കേസെടുത്തത്. ലുധിയാന പൊലീസിന്റേതാണ് നടപടി.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെയുണ്ടായ ചെരുപ്പേറുമായി ബന്ധപ്പെട്ട് നടത്തിയ ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന പരിപാടിയിലെ അഞ്ജന കശ്യപിന്റെ പരാമര്‍ശങ്ങളിലാണ് കേസ്. ബി.എന്‍.എസ് സെക്ഷന്‍ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും മാധ്യമപ്രവര്‍ത്തകക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭാരതീയ വാല്‍മീകി ധര്‍മ സമാജത്തിന്റെ കോര്‍ഡിനേറ്റര്‍ ചൗധരി യശ്പാലാണ് അഞ്ജനക്കെതിരെ പരാതി നല്‍കിയത്.
പഞ്ചാബ് സര്‍ക്കാരിന്റെ ദളിത് വികാസ് ബോര്‍ഡിന്റെ ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി നേതാവുമായ വിജയ് ദാനവിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. വാല്‍മീകിയെ കശ്യപ് അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ധര്‍മ സമാജത്തിന്റെ ആരോപണം.
അഞ്ജനക്കെതിരായ എഫ്.ഐ.ആറില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ചെയര്‍മാനും എഡിറ്റര്‍-ഇന്‍-ചീഫുമായ അരൂണ്‍ പുരിയും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.
സംഭവം ഡി.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ട് ലുധിയാന പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷന്‍ നമ്പര്‍ 4 എസ്.എച്ച്.ഒ ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ഗഗന്‍പ്രീത് സിങ്ങിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഞ്ജന ഓം കശ്യപിനെ ഉത്തരാഖണ്ഡില്‍ വെച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു.
‘ആജ് തക് കാ ഹെലികോപ്ടര്‍ ഷോട്ട്-രാജ്തിലക്’ എന്ന ഷോയുടെ ലോഞ്ചിനിടെ ‘ഗോഡി മീഡിയ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ജനക്കൂട്ടം കശ്യപിനെ തടസപ്പെടുത്തുകയായിരുന്നു.
Content Highlight: Complaint filed against India Today journalists for defaming Valmiki community