ഫീസടച്ചില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ എട്ടാം വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി
Kerala News
ഫീസടച്ചില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ എട്ടാം വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2025, 2:40 pm

കണ്ണൂർ: ബസ് ഫീസടച്ചില്ലെന്നാരോപിച്ച് കണ്ണൂരിൽ വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. പയ്യന്നൂർ തായ്‌മേരി എസ്.എ ബി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം സ്കൂൾ ബസിൽ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കി വിടുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

രാവിലെ ഇതേ വാഹനത്തിലാണ് വിദ്യാർത്ഥി സ്കൂളിൽ എത്തിയത്. വൈകീട്ട് വീട്ടിലേക്ക് തിരികെ പോകാനായി ബസിൽ കയറിയ വിദ്യാർത്ഥിയെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സെക്രട്ടറി ഇസ്മായിൽ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

സംഭവം വിവാദമായത്തിന് പിന്നാലെ പൊലീസ് സ്‍കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. തന്നെ ബസിൽ നിന്നും തന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിയെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിദ്യാര്‍ഥിയെ സ്കൂള്‍ ബസില്‍നിന്ന് ഇറക്കിവിട്ടെന്ന പരാതിയില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് എസ്.എ.ബി.ടി.എം സ്കൂൾ അധികൃതർ സമ്മതിച്ചു. കുട്ടിയെ ഇറക്കിവിട്ട ഇസ്മായിലിനെതിരെ നടപടിയെടുക്കുമെന്ന് ഹെഡ്മാസ്റ്റര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇസ്മായില്‍ ജീവനക്കാരനല്ലെന്നും മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഭാഗമെന്നുമാണ് സ്‌കൂളിന്റെ വിശദീകരണം.

ഫീസ് അടക്കാൻ ആവശ്യപ്പെട്ട് മെസേജുകളോ കോളുകളോ തനിക്ക് വന്നിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘നാലുമണിക്ക് മകൻ എന്നെ വിളിച്ച് ഉപ്പ ഒരു പത്ത് രൂപ തരുമോ എന്ന് ചോദിച്ചു. വിശക്കുന്നു എന്നാണ് പറഞ്ഞത്. വീട്ടിൽ എത്തിയില്ലേ എന്ന് ചോദിച്ചപ്പോൾ ബസിൽ നിന്ന് ഇറക്കി വിട്ടെന്ന് പറഞ്ഞു.

കാരണം എന്താണ് ചോദിച്ചപ്പോൾ ബസിന്റെ ഫീസ് അടച്ചില്ലെന്ന് പറഞ്ഞു. അവസാന മാസം എന്തെങ്കിലും അടക്കാൻ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഒരു മെസേജോ കോളോ ഒന്നും വന്നിട്ടില്ല. എന്റെ മകനെ ആളുകളുടെ മുന്നിൽവെച്ച് അപമാനിച്ച് ഇറക്കി വിട്ടു. രണ്ട് മണിക്കൂറാണ് ഓഫീസ് റൂമിന് മുന്നിൽ വെച്ച് ഹരാസ് ചെയ്തത്,’ കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.

Content Highlight: Complaint alleging that a student was thrown off a school bus in Kannur for not paying fees