ന്യൂദല്‍ഹി: കൊവിഡ് പിടിപെട്ടാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്.
തൃണമൂല്‍ കോണ്‍ഗ്രസ് അഭയാര്‍ഥി സെല്‍ പ്രവര്‍ത്തകരാണ് ഹസ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.വടക്കന്‍ ബംഗാളിലെ സിലിഗുറി പൊലീസ് സ്റ്റേഷനിലാണ് ഹസ്രയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ അപമാനിക്കുന്നതിലുപരി ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന വാക്കുകളാണ് ഹസ്ര പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഭാരതീയ സംസ്‌കാരത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഹസ്രയുടെ പ്രസ്താവനയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തി ഭരണഘടനയെ തന്നെ അപമാനിച്ചിരിക്കുകയാണ് ഹസ്ര. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഹസ്രയുടെ വാക്കുകള്‍- പരാതിക്കാരിയായ താരാ ബിശ്വാസ് പറഞ്ഞു.
ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറൂയിപൂരില്‍ വെച്ച് നടന്ന ബി.ജെ.പി പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു ഹസ്രയുടെ വിവാദ പ്രസ്താവന. തനിക്ക് കൊവിഡ് പിടിപെടുകയാണെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തത്.
എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കൊവിഡ് -19 നെക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമാണ് പ്രതികരിച്ചത്.
ഇതാദ്യമായല്ല അനുപം ഹസ്ര വിവാദ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് വിവാദ പരാമര്‍ശങ്ങള്‍കൊണ്ട് മമത ബാനര്‍ജിയ്ക്ക് സ്ഥിരം തലവേദനയായ ആളാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ മുന്‍നിര നേതാക്കളിലൊരാളായ ഹസ്ര. 2019ന്റെ തുടക്കത്തിലായിരുന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, മഹാത്മ ഗാന്ധി തുടങ്ങിയവരെക്കുറിച്ചും ഇയാള്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നായിരുന്നു 2018ല്‍ അനുപം ഹസ്ര ഫേസ്ബുക്കില്‍ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക