നിയമവിരുദ്ധമായ ബാര്‍ ലൈസന്‍സ്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി
national news
നിയമവിരുദ്ധമായ ബാര്‍ ലൈസന്‍സ്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2022, 11:59 am

ന്യൂദല്‍ഹി: കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി.

ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ ഗോവയില്‍ നിയമവിരുദ്ധമായി ബാര്‍ ലൈസന്‍സ് സ്വന്തമാക്കി എന്നാണ് സ്മൃതി ഇറാനിയുടെ മകള്‍ സോയ്ഷ് ഇറാനിക്കെതിരെയുള്ള പരാതി.

ആന്റണി റോഡ്രിഗസ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി രംഗത്തെത്തിയത്.

പരാതിയിന്മേല്‍ സോയ്ഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിനെതിരെ എക്‌സൈസ് വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു നോട്ടീസയച്ചത്.

വടക്കന്‍ ഗോവയിലാണ് ബാര്‍ പ്രവര്‍ത്തിക്കുന്നത്.

സോയ്ഷ് ഇറാനിയുടെ പേരിലുള്ള ബാറിന്റെ ലൈസന്‍സ് മരിച്ചുപോയ ഒരാളുടെ പേരിലാണുള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. മുംബൈ സ്വദേശിയായ ആന്റണി ഗാമ എന്നയാളുടെ പേരിലാണ് ബാര്‍ ലൈസന്‍സുള്ളത്.

ഇദ്ദേഹം 2021 മേയ് 17ന് മരിച്ചു. എന്നാല്‍ 2022 ജൂണ്‍ 22ന് ആന്റണി ഗാമയുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് പുതുക്കി വാങ്ങി എന്നാണ് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.

ലൈസന്‍സിലെ തട്ടിപ്പിന് പുറമെയും ബാറിന്റെ പേരില്‍ പരാതിയുണ്ട്.

ആന്റണി ഗാമ മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായി 2021 ഫെബ്രുവരിയിലായിരുന്നു ഇവര്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയത്.

ഗോവയിലെ നിയമപ്രകാരം ഒരു റസ്റ്ററന്റായി പൂര്‍ണമായും മാറാതെ ലൈസന്‍സ് ലഭിക്കില്ല. എന്നാല്‍ അന്ന് ഒരു കഫേ മാത്രമായി പ്രവര്‍ത്തിച്ച സ്ഥാപനം അനധികൃതമായി ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് മറ്റൊരു ആരോപണം.

ആന്റണി റോഡ്രിഗസിന്റെ വിവരാവകാശ അപേക്ഷയില്‍ എക്‌സൈസ് വകുപ്പിന് അന്വേഷണം നടത്തി മറുപടി നല്‍കേണ്ടതുണ്ട്.

Content Highlight: Complaint against central minister Smriti Irani’s daughter for illegal bar license