പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി; നിലമ്പൂരില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് സംഘര്‍ഷം
Kerala News
പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി; നിലമ്പൂരില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 9:58 am

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. രാത്രിയില്‍ നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ എത്തിയ എം.എല്‍.എയെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

രാത്രിയില്‍ എം.എല്‍.എ കോളനിയില്‍ എത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആണെന്നായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഒരു രോഗിയെ സന്ദര്‍ശിക്കാനാണ് രാത്രിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം എം.എല്‍.എ എത്തിയതെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഇരു വിഭാഗങ്ങളായി സംഘടിച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പി.വി അന്‍വറിന്റെ പരാതിയില്‍ തടയാന്‍ ശ്രമിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നതായി അന്‍വര്‍ ആരോപിച്ചു. ‘മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്നും ഇവിടെ നിന്ന് ജീവനോടെ പോകില്ല’ എന്നു വധഭീഷണി മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ അക്രമം എന്നും എം.എല്‍.എ ഫേസ്ബുക്കില്‍ പങ്കുവെച്ച വ്ിഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

രണ്ടിടത്ത് വെച്ച് അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പി.വി അന്‍വര്‍ പറയുന്നു. രാത്രി തന്റെ കാറു തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

അതേസമയം മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എം.എല്‍.എ എത്തിയത് എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Complains of assaulting PV Anvar MLA; LDF-UDF clash in Nilambur