കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ നോട്ടീസിലുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് സെന്‍ട്രല്‍ പൊലീസ്. ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിക്കും. വേടനെ കഴിഞ്ഞമാസം ചോദ്യം ചെയ്‌തെങ്കിലും പരാതിക്കാരിയുടെ മൊഴി ഇല്ലാത്ത സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാതെ വിട്ടയക്കുകയായിരുന്നു. കേസില്‍ വേടന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 21ന് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്.
പരാതി അടങ്ങിയ ഇ മെയിലില്‍ മൊബൈല്‍ ഫോണ്‍ നമ്പറോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. അതിനാല്‍ തുടക്കത്തില്‍ പൊലീസിന് പരാതിക്കാരിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മേല്‍വിലാസവും ഫോണ്‍ നമ്പറും ശേഖരിച്ച പൊലീസ് പരാതിക്കാരിയോട് മൊഴിയെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടയിലാണ് പൊലീസിന്റെ നോട്ടീസിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചത്.