തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടിനല്‍കിയതാണ് നിസാമിനെ പ്രകോപിപ്പിച്ചത്. ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് ചോദിച്ച് നിസാം തട്ടിക്കയറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ പരാതിയുമായി സഹോദരങ്ങള്‍ രംഗത്ത്.
കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായാണ് സഹോദരന്‍മാരുടെ പരാതി. തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്കാണ് സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോആണ് നിസാം ഇവരെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.
നിഷാമിന്റെ ഉടമസ്ഥതയിലുളള തിരുവനന്തപുരത്തെ കിങ്‌സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്.
ഫോണില്‍ വിളിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയതിന് തെളിവായി സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സഹോദരങ്ങള്‍ എസ്.പിക്ക് കൈമാറി. തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടിനല്‍കിയതാണ് നിസാമിനെ പ്രകോപിപ്പിച്ചത്. ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് ചോദിച്ച് നിസാം തട്ടിക്കയറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി എസ്.പി നിശാന്തിനി അറിയിച്ചു.
പൊലീസും നിസാമും ഒത്തുകളിക്കുന്നതായി ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിസാമിനെ ബാംഗ്ലൂരില്‍ കേസുമായി ബന്ധപ്പെട്ട് കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫിസ് ജീവനക്കാരും യാത്ര ചെയ്‌തെന്നും മടക്ക ടിക്കറ്റ് എടുത്തത് നിസാമിന്റെ ഓഫിസില്‍ നിന്നുതന്നെയാണെന്നും സംശയിക്കുന്നതായും ഇതിനുളള തെളിവുകളും പൊലീസിന് സഹോദരങ്ങള്‍ കൈമാറിയിട്ടുണ്ട്.
