തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും, സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി.
പൊതുസമൂഹത്തില്‍ പുകമറ സൃഷ്ടിക്കുവാന്‍ വേണ്ടി ബി.ജെ.പി നടത്തുന്ന കേവലമായ രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്‌ഡെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.
‘നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണ്. ബി.ജെ.പിക്കെതിരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ.ഡി കേസുകളിലും മറ്റും ഉള്‍പ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലില്‍ അടച്ചതിന്റെയും നിരവധി ഉദാഹരങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
അന്വേഷണ ഏജന്‍സികളെ കാട്ടി ഭയപ്പെടുത്തി നേരത്തെ കോണ്‍ഗ്രസില്‍ നിന്നും മറ്റു പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും നിരവധി നേതാക്കളെ ബി.ജെ.പിയുടെ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഉമ്മാക്കി കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുത്,’ വസീഫ് പറഞ്ഞു.
തികച്ചും ജനാധിപത്യവിരുദ്ധമായി, യാതൊരു വസ്തുതയുമില്ലാതെ ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ സൃഷ്ടിച്ച് റെയ്ഡ് നടത്തി ജനനേതാക്കളെ തേജോവധം ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ പൊതുസമൂഹം തിരിച്ചറിയണം.
അന്വേഷണ ഏജന്‍സികളെ മറയാക്കി രാഷ്ട്രീയ വേട്ട നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വസീഫ് അറിയിച്ചു.
പിണറായി വിജയന്റെ പിണറായിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി സി.പി.ഐ.എം പ്രതിഷേധിക്കുന്നുണ്ട്. റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി.
കേന്ദ്ര സര്‍ക്കാരിനെതിരെയും അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും വലിയ രീതിയില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസുമായി വലിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. നിലവില്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Content Highlight: Communists will not be frightened by seeing the Center’s bogeyman; ED raid is mere political retaliation: DYFI