എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനിലെ വിമത പ്രദേശത്ത് കാള്‍മാര്‍ക്‌സ് അനുസ്മരണ ദിനം ആചരിച്ച് കമ്മ്യൂണിസ്റ്റുകാര്‍
World News
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനിലെ വിമത പ്രദേശത്ത് കാള്‍മാര്‍ക്‌സ് അനുസ്മരണ ദിനം ആചരിച്ച് കമ്മ്യൂണിസ്റ്റുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th March 2022, 11:59 pm

കീവ്: റഷ്യ അധിനിവേശനത്തിനിടെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി റാലി നടത്തി. ഉക്രൈനിലെ വിമത പ്രദേശമായ ഖെഴ്‌സനിലാണ് കാള്‍മാര്‍ക്‌സ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി വീണ്ടും പാര്‍ടി പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിത്.

2015 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇതാദ്യമായാണ് ചെങ്കൊടിയേന്തിക്കൊണ്ട് ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാലി നടത്തുന്നത്.

നിരോധിക്കപ്പെട്ട ചെങ്കൊടിയും അരിവാള്‍ ചുറ്റികയുമെല്ലാം റാലിയില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. വംശീയ വിദ്വേഷം ഉണര്‍ത്തല്‍, മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചായിരുന്നു 2015ല്‍ ഉക്രൈന്‍ കോടതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഉക്രൈന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അരിവാള്‍ ചുറ്റിക അടക്കമുള്ള ചിഹ്നങ്ങളും നിരോധനമേര്‍പ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങള്‍ ലഭ്യമാക്കണമെന്നു റഷ്യ ചൈനയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ റഷ്യയെ ചൈന സഹായിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നല്‍കി.

ഉപരോധം മറികടക്കാന്‍ ചൈന റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘതം നേരിടേണ്ടി വരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. യു.എസ് ചൈന അധികൃതര്‍ റോമില്‍ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.

അതേസമയം, ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ തള്ളി. യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്.

ഉക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യു.എസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്.

Eight years later, Communists celebrate Karl Marx’s Remembrance Day in rebel-held Ukraine