പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള വ്യാജ ഫോട്ടോ; നിയമ നടപടിക്കൊരുങ്ങി സ്വരാജ്
Kerala
പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള വ്യാജ ഫോട്ടോ; നിയമ നടപടിക്കൊരുങ്ങി സ്വരാജ്
നിഷാന. വി.വി
Friday, 24th April 2026, 1:55 pm

തിരുവനന്തപുരം: തന്റെ പേരില്‍ ദേശാഭിമാനിയുടെ കാര്‍ഡില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന വെളിപ്പെടുത്തലുമായി എം. സ്വരാജ്.

പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഗീയവാദി എന്നെ സന്ദര്‍ശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാന്‍ പറഞ്ഞതായി എന്റെ ചിത്രം വെച്ച് ‘ദേശാഭിമാനി’യുടെ പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേര്‍ക്കാത്ത ഇത്തരം കള്ളങ്ങളാണ് വര്‍ഗീയവാദികളുടെ ആയുധം. എം സ്വരാജ് പറഞ്ഞു. വര്‍ഗീയതയ്ക്ക് ഒരേ മനസും പല വേഷവുമാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികള്‍ അവലംബിക്കുന്നത് പുതിയ കാര്യമല്ലെന്നും വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വര്‍ഷവും എല്ലാ വിഭാഗം വര്‍ഗീയവാദികളുടെയും ഇഷ്ട ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.

‘കുറച്ചു നാളായി എന്നെ ഹിന്ദുവര്‍ഗ്ഗീയ വാദിയായി ചിത്രീകരിക്കാന്‍
ജമാഅത്ത് കേന്ദ്രങ്ങളും ലീഗിലെ ജമാഅത്ത് വിഭാഗവും ഓവര്‍ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിന് മുമ്പ് എന്നെ മുസ്‌ലിം വര്‍ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവര്‍ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതില്‍ സന്തോഷമേയുള്ളു.

ഒരു വര്‍ഗീയവാദി എന്നെ സന്ദര്‍ശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാന്‍ പറഞ്ഞതായി എന്റെ ചിത്രം വെച്ച് ‘ദേശാഭിമാനി’യുടെ പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേര്‍ക്കാത്ത ഇത്തരം കള്ളങ്ങളാണ് വര്‍ഗീയവാദികളുടെ ആയുധം,’ എം സ്വരാജ് പറഞ്ഞു.

ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ വഴി മാത്രമല്ല ലീഗിലെ ജമാഅത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കൂട്ടത്തില്‍ പഞ്ചായത്ത് മെമ്പറും മീഡിയാവണ്‍ അക്കാദമിയില്‍ നിന്നുള്ള ആളെന്ന് പ്രൊഫൈലില്‍ വെളിപ്പെടുത്തിയ ആളും വെല്‍ഫെയര്‍ പാര്‍ട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളില്‍ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തില്‍ മുന്നിലുണ്ട്
ചുരുക്കിപ്പറഞ്ഞാല്‍ സംഘപരിവാറിന്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം.
‘ദേശാഭിമാനി’യുടെ പേരില്‍ നിരവധി വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടര്‍ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും,’ അദ്ദേഹം വ്യക്തമാക്കി.

Content Highlight: Communalism has one mind and many disguises; M. Swaraj will take legal action against false propaganda

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.