മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളിലെ സംഘര്‍ഷത്തിന് കാരണം ബി.ജെ.പിയെന്ന് മമത ബാനര്‍ജി
Daily News
മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളിലെ സംഘര്‍ഷത്തിന് കാരണം ബി.ജെ.പിയെന്ന് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2017, 11:17 pm

കൊല്‍ക്കത്ത: മതവിദ്വേഷം കലര്‍ന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വന്‍ സംഘര്‍ഷം. ആറ് പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും കടകളും വീടുകളും അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തോട് 300 പാരാമിലിറ്ററി സൈനികരെ സ്ഥലത്ത് ഇറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വര്‍ഗീയസംഘര്‍ഷത്തിന് കാരണം ബി.ജെ.പിയാണെന്നും ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബി.ജെ.പി നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

17 കാരനായ വിദ്യാര്‍ത്ഥിയുടെ രണ്ട് ദിവസം മുമ്പത്തെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണമായത്.
വിദ്യാര്‍ത്ഥിയെ ഞായറാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വിവരം ജനങ്ങളെ അറിയിച്ചില്ലെന്ന് സംഭവം നടന്ന ബദൂരിയ മണ്ഡലത്തിലെ എം.എല്‍.എ ക്വാസി അബ്ദുര്‍ റഹിം പറഞ്ഞു.

വര്‍ഗീയ സംഘര്‍മുണ്ടാക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മമത പറഞ്ഞു. ബിജെപി പ്രകോപനമുണ്ടാക്കിയേക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് വിലകൊടുക്കേണ്ടി വരുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.