കുന്നംകുളം: സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ അധ്യാപകര്‍ക്ക് എതിരെ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്മെന്റ്. സംഭവത്തില്‍ രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയായ ഖദീജയ്ക്ക് എതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി.
ഓണം ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണെന്നും മുസ്ലിം വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഓണാഘോവുമായി സഹകരിക്കേണ്ടതില്ലെന്നും പറയുന്ന ഖദീജയെന്ന അധ്യാപികയുടെ വാട്സ്ആപ്പ് ശബ്ദ സന്ദേശം പുറത്തെത്തിയിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അധ്യാപിക സന്ദേശമയച്ചത്.
ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയും സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ ശബ്ദ സന്ദേശം അയച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇരുവര്‍ക്കുമെതിരെയാണ് നടപടിയെടുത്തതെന്നും അധ്യാപകരുടേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും സ്‌കൂള്‍ മാനേജ്മെന്റിന് ഈ വിവാദത്തില്‍ പങ്കില്ലെന്നും സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ ശബ്ദ സന്ദേശം പുറത്തെത്തിയതിന് പിന്നാലെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ കുന്നംകുളം പൊലീസാണ് അധ്യാപികയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലെ വിവാദ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. സമാനമായ രീതിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ അധ്യാപികയ്ക്ക് എതിരേയും കേസെടുത്തേക്കും.
വിവാദത്തിന്റെ പേരില്‍ സ്‌കൂളില്‍ നടത്താനിരുന്ന ഓണാഘോഷം മാറ്റിവെയ്ക്കില്ലെന്നും മുന്‍പ് തീരുമാനിച്ച പ്രകാരം ആഗസ്റ്റ് 28ന് ഓണാഘോഷം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.