മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യകര്‍മം: വ്യാജ പ്രചാരണവുമായി ജനം ടിവിയും സംഘപരിവാര്‍ അനുകൂലികളും
Kerala
മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യകര്‍മം: വ്യാജ പ്രചാരണവുമായി ജനം ടിവിയും സംഘപരിവാര്‍ അനുകൂലികളും
സിജൊ
Sunday, 28th June 2026, 1:49 pm

കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നാരയണന് ലീഗ് നേതാവായ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്‌തെന്ന വാര്‍ത്തക്കെതിരെ പ്രചാരണവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ജനം ടിവിയും. ലീഗ് നേതാവ് അന്ത്യകര്‍മങ്ങള്‍ ചെയ്‌തെന്ന വാര്‍ത്ത തെറ്റാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

നാരായണന് ഇര്‍ഫാന ഇഖ്ബാല്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്‌തെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവയുടെ കമന്റുകളിലാണ് സംഘ പരിവാര്‍ പ്രൊഫൈലുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ ഈ വാര്‍ത്തകളില്‍ സംഘപരിവാര്‍ പ്രൊഫൈലുകളുടെ വിദ്വേഷ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കാസര്‍ഗോഡു നിന്നുള്ള വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുള്ള പല കമന്റുകളും പറയുന്നത്. സേവാഭാരതിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതെന്നും അവര്‍ അവകാശപ്പെടുന്നു. പ്രദേശത്ത് നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായതുകൊണ്ട് ഔപചാരികതയുടെ പേരില്‍ ഇര്‍ഫാന ചടങ്ങില്‍ പങ്കെടുക്കുക മാത്രമായിരുന്നു ചെയ്തതെന്നും അവര്‍ അവകാശപ്പെടുന്നു.

‘ഒരു ജിഹാദിയെ ഒരിക്കലും വിശ്വസിക്കരുത്,’ എന്നത് പോലുള്ള വിദ്വേഷ കമന്റുകളും ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്നുണ്ട്. ‘രാജ്യത്തെ ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയാണ്,’ ഇന്ത്യന്‍ എക്‌സ്പ്രസ് ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ വന്ന കമന്റുകളിലൊന്ന്.

മരിച്ചയാള്‍ക്ക് ആര്‍.എസ്.എസ്സുമായി യാതൊരു ബന്ധവുമില്ലെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഏറ്റെടുത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നെന്നുമാണ് മറ്റൊരു കമന്റ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഹിന്ദുക്കളെ വെറുക്കുന്നവരാണെന്നും ‘ഇസ്ലാമിക ഭീകരവാദികളുടെ അടിമകള്‍’ ആണെന്നും കമന്റുകളില്‍ പറയുന്നു.

സേവാ ഭാരതിയുടെ മേല്‍നോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്നും ഒരു ആര്‍.എസ്.എസ് നേതാവാണ് ചിതക്ക് തീക്കൊളുത്തിയതെന്നും പറയുന്നവയാണ് കൂടുതല്‍ കമന്റുകളും. ഇന്നലെ ജനം ടി.വിയില ‘റൈറ്റ് സൈഡ്’ എന്ന പരിപാടിയിലും സമാന വാദങ്ങളാണ് വാര്‍ത്താ അവതാരകര്‍ ഉന്നയിച്ചത്. സംസ്‌കാര ചടങ്ങില്‍ സേവാ ഭാരതി നേതാവ് ഉണ്ടായിരുന്നെന്നും സേവാ ഭാരതിയുടെ ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചതെന്നും ജനം ടി.വി അവതാരകന്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ജനം ടിവിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോകള്‍ ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സേവാ ഭാരതി ആംബുലന്‍സില്‍ അല്ല ‘സഫാസ്’ എന്ന പേരുള്ള ഒരു ആംബുലന്‍സിലാണ് കാസര്‍ഗോട്ടേക്ക് മൃതദേഹം എത്തിച്ചതെന്ന് ഇത്തരമൊരു വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നു. ഷെയ്ഖ് സഈദ് ട്രസ്റ്റ് 12000 രൂപ മുടക്കിയാണ് മൃതദേഹം കോഴിക്കോട് നിന്ന് കാസര്‍ഗോട്ടേക്ക് എത്തിച്ചതെന്നും ഇത്തരമൊരു വീഡിയോയില്‍ ചൂണ്ടിക്കാട്ടി.

ഷെയ്ഖ് സഈദ് ട്രസ്റ്റിന്റെയും ട്രസ്റ്റിന് കീഴിലുള്ള വൃദ്ധ സദനത്തിന്റെയും സ്ഥാപക കൂടിയാണ് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. ഉറ്റവര്‍ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവരെയാണ് വൃദ്ധ സദനത്തില്‍ പാര്‍പ്പിച്ചിരുന്നത്. ആരും ഏറ്റെടുക്കാനില്ലാതിരുന്ന നാരയണന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കാസര്‍ഗോട്ടേക്ക് എത്തിക്കാനുള്ള ചുമതലയും ഈ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു കാസര്‍ഗോഡ് ചിഗ്റുപദവ് സ്വദേശി നാരായണന്‍ മരിച്ചത്. ഉപ്പളയില്‍ എത്തിച്ച മൃതദേഹം ചെറുഗോളി പൊതു സ്മശാനത്തില്‍ ഹൈന്ദവാചാര പ്രകാരം ചിതയൊരുക്കിയായിരുന്നു സംസ്‌കരിച്ചത്.

കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാരായണനെ ഒരു മാസം മുമ്പാണ് കട വരാന്തയില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം വശളായതോടെ തുടര്‍ ചികിത്സയ്ക്കായി ഇര്‍ഫാനയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറെയും മെഡിക്കല്‍ ഓഫീസറെയും വിവരമറിയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളോ ആര്‍.എസ്.എസ് പ്രവര്‍ത്തകരോ എത്തിയിരുന്നില്ല. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്, മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും ഇര്‍ഫാനയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

Content Highlight:   Comments on News related to League woman leader performs last rites of former RSS worker