അമ്മ, അച്ഛന്‍ എന്നീ കോളങ്ങള്‍ ഒഴിവാക്കാം; ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളെന്ന് രേഖപ്പെടുത്താം: ഹൈക്കോടതി
Kerala News
അമ്മ, അച്ഛന്‍ എന്നീ കോളങ്ങള്‍ ഒഴിവാക്കാം; ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളെന്ന് രേഖപ്പെടുത്താം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 11:11 am

കൊച്ചി: ട്രാന്‍സ് ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് മാതാപിതാക്കളും കോഴിക്കോട് സ്വദേശികളുമായ ട്രാന്‍സ് ദമ്പതികളായ സഹദും സിയയും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

അമ്മയുടെയും അച്ഛന്റെയും പേര് പ്രത്യേകം പരാമര്‍ശിക്കരുതെന്നായിരുന്നു സിയയും സഹദും ഹരജിയില്‍ ആവശ്യപ്പെട്ടത്. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നീ കോളങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സിയയുടെയും സഹദിന്റെയും കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌ന പരിഹാരത്തിനായിരുന്നു ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ജനനസര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ അച്ഛന്‍, അമ്മ എന്നീ കോളങ്ങളുള്ള അപേക്ഷയായിരുന്നു ലഭിച്ചത്.

പിതാവിന്റെ പേര് സിയാ പാവലെന്നും മാതാവ് സഹദെന്നുമായിരുന്നു കോര്‍പ്പറേഷന്‍ രേഖപ്പെടുത്തി നല്‍കിയത്. ഇതിനെതിരെയായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹരജിയില്‍ വിധി പറഞ്ഞത്.

Content Highlight: Columns for mother and father can be omitted; parents can be recorded in birth certificates of children of trans couples: High Court