ലൈബ്രറിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തി; 65ലധികം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ യൂണിവേഴ്സിറ്റി
World News
ലൈബ്രറിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തി; 65ലധികം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ യൂണിവേഴ്സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 10:18 am

ഗസ: ലൈബ്രറിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ 65ലധികം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ യൂണിവേഴ്സിറ്റി. ഫലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. വിദ്യാർത്ഥികളെ താത്കാലികമായാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാനോ ക്യാമ്പസിൽ കയറാനോ സാധിക്കില്ലെന്നും യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ 33 പേരെയും കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും വിലക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

‘ക്യാമ്പസിലെ നിയമങ്ങൾ ലംഘിക്കപ്പെടുകയും അക്കാദമിക് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ നടപടികൾ ഉണ്ടാകും,’ കൊളംബിയ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ മേശകളിൽ കയറി നിന്ന് ഡ്രം കൊട്ടുകയും ‘ഗസയ്ക്ക് വേണ്ടിയുള്ള സമരം’ എന്നെഴുതിയ ബാനറുകൾ ഉയർത്തുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മൊത്തം 80 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു. പ്രതിഷേധിച്ചവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കൊളംബിയ പൂർവ വിദ്യാർത്ഥികളും മറ്റ് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

മാർച്ചിൽ ഐ.സി.ഇ ഏജന്റുമാർ അറസ്റ്റ് ചെയ്ത് ലൂസിയാനയിലെ ഇമിഗ്രേഷൻ ജയിലിലേക്ക് കൊണ്ടുപോയ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീൽ ഉൾപ്പെടെയുള്ള നാടുകടത്തൽ നേരിടുന്ന പ്രവർത്തകരെ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്റ്റുഡന്റ് വിസയിലുള്ളവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

യൂണിവേഴ്സിറ്റിയുടെ 14.8 ബില്യൺ ഡോളറിന്റെ എൻഡോവ്‌മെണ്ട് ആയുധ നിർമാതാക്കളിലും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രഈൽ സൈനിക അധിനിവേശത്തെ പിന്തുണയ്ക്കുന്ന മറ്റ് കമ്പനികളിലും നിക്ഷേപിക്കുന്നത് നിർത്തണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ദീർഘ കാലമായി പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന ഈ ആവശ്യം ബുധനാഴ്ചത്തെ പ്രതിഷേധത്തിലും അവർ ആവർത്തിച്ചു.

കൊളംബിയയുടെ ബോർഡ് ഓഫ് ട്രസ്റ്റികളും ട്രംപ് ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രകടനം നടന്നത്. മാർച്ചിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിൽ സർവകലാശാലയ്ക്ക് നൽകി വന്നിരുന്ന കോടിക്കണക്കിന് ഡോളറിന്റെ ഗവേഷണ ഗ്രാന്റുകൾ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.

 

Content Highlight: Columbia University suspends more than 65 students over library occupation