കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സിനിമയെ ഒട്ടാകെ ഞെട്ടിച്ച ചിത്രമായിരുന്നു രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. വെറും അഞ്ച് കഥാപാത്രങ്ങളെ മാത്രം വെച്ചുകൊണ്ട് ഒരുക്കിയ സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും എല്ലാവരെയും ഞെട്ടിച്ചു. ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തിയ സിനിമ കൂടിയായിരുന്നു ഭ്രമയുഗം.
സാങ്കേതികവിദ്യ വളരെയേറെ വികസിച്ച ഇന്നത്തെ കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ സ്വീകരിക്കപ്പെടുമോ എന്നായിരുന്നു റിലീസിന് മുമ്പ് പലരും സംശയിച്ചത്. എന്നാല്‍ നിരൂപക പ്രശംസകളോടൊപ്പം ബോക്‌സ് ഓഫീസിലും ചിത്രം വന്‍ വിജയമായി മാറി. ഭാഷാതിര്‍ത്തികള്‍ക്കുമപ്പുറം ഭ്രമയുഗം പലരും ചര്‍ച്ചാവിഷയമാക്കി.
ഇപ്പോഴിതാ ഭ്രമയുഗം കളര്‍ വേര്‍ഷനായിരുന്നെങ്കില്‍ എങ്ങനെയുണ്ടാകുമെന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എ.ഐ ഉപയോഗിച്ച് മാറ്റിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഭ്രമയുഗത്തിലെ റാന്‍ഡമായിട്ടുള്ള ചില ഫ്രെയിമുകള്‍ കളര്‍ രൂപത്തിലേക്ക് മാറ്റിയത് വ്യത്യസ്ത അനുഭവമായിരിക്കുകയാണ്.
കളര്‍ വേര്‍ഷനിലാണെങ്കിലും ഓരോ സ്‌ക്രീന്‍ഷോട്ടും ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ളതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും കിടിലന്‍ ഫ്രെയിമുകളുള്ള സിനിമ എന്തിനാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറക്കിയത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രത്യേക ഫീല്‍ സമ്മാനിച്ചു എന്നാണ് ചിലരുടെ മറുപടി.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വരുന്ന ചാത്തനെ കളര്‍ വേര്‍ഷനില്‍ കാണുമ്പള്‍ തന്നെ വല്ലാത്തൊരു അനുഭവമാണ്. ഒപ്പം ഫ്‌ളാഷ്ബാക്ക് പറയുന്ന ഭാഗത്തെ അനിമേഷന്റെ കളര്‍ വേര്‍ഷനും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കളറില്‍ ചിത്രീകരിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കണ്‍വേര്‍ട്ട് ചെയ്ത സിനിമയുടെ കളര്‍ വേര്‍ഷന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റേത്. കൊടുമണ്‍ പോറ്റിയായും ചാത്തനായും അതിഗംഭീര പ്രകടനമായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചത്. സ്റ്റാര്‍ഡത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഇത്തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയെ ധാരാളം ആളുകള്‍ അഭിനന്ദിച്ചിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Color version of Bramayugam movie viral in social media