ബൊഗോട്ട: ഗസയിലെ ഇസ്രഈലിന്റെ സൈനിക നീക്കങ്ങള്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഗസയില്‍ നടക്കുന്ന സൈനിക നടപടികളെ നാസി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോടാണ് പെട്രോ ഉപമിച്ചത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മിസൈലാക്രമണങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗുസ്താവോ പെട്രോ ചൂണ്ടിക്കാട്ടി.
‘അവര്‍ സാധാരണക്കാരുടെ മേല്‍, കുട്ടികളുടെ മേല്‍ പോലും മിസൈലുകള്‍ വര്‍ഷിക്കുകയാണ്. ഈ മരണസംഖ്യകള്‍ ആര്‍ക്കും മറച്ചുവെക്കാന്‍ കഴിയില്ല. ലോകത്തിലെ ഒരു രാഷ്ട്രീയ അല്ലെങ്കില്‍ സാമ്പത്തിക താത്പര്യത്തിനും ഈ ഭീകരമായ യാഥാര്‍ത്ഥ്യത്തെ മൂടിവെക്കാന്‍ സാധിക്കില്ല,’
നാം വീണ്ടും നാസി യുഗത്തിലേക്ക് മടങ്ങുകയാണോ,’ പെട്രോ ചോദിച്ചു.
ഫലസ്തീനെതിരെ ഇസ്രഈല്‍ തുടരുന്ന ആക്രമണങ്ങളെ നേരത്തെയും നാസി ജര്‍മനിയോട് പെട്രോ ഉപമിച്ചിരുന്നു.
കഴിഞ്ഞ മാസം ഗസയിലേക്ക് സഹായവുമായി പോയ കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പരിഹസിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഇസ്രഈലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെതിരെ കടുത്ത വിമര്‍ശനമാണ് പെട്രോ ഉന്നിച്ചത്. ബെന്‍ ഗ്വിര്‍ ഒരു ‘യഥാര്‍ത്ഥ നാസി’യെപ്പോലെയാണ് പെരുമാറുന്നതെന്ന് പെട്രോ എക്‌സില്‍ കുറിച്ചിരുന്നു.
ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് 2024-ല്‍ കൊളംബിയ ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണയ്ക്കുന്ന കൊളംബിയന്‍ പ്രതിപക്ഷ നേതാവ് എസ്പ്രിയേല, താന്‍ അധികാരത്തില്‍ വന്നാല്‍ ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുതുക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
അതേസമയം ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ പെട്രോയുടെ പരാമര്‍ശങ്ങളെ അപലപിച്ച് രംഗത്തെത്തി. പെട്രോയെ ഒരു ‘ജൂതവിരുദ്ധന്‍’ എന്ന് വിളിച്ച അദ്ദേഹം, പെട്രോ കൊളംബിയയ്ക്ക് തന്നെ ഒരു കളങ്കമാണെന്നും എക്‌സില്‍ കുറിച്ചു.
ഈ ജൂതവിരുദ്ധന്‍ ഹോളോകോസ്റ്റിന്റെ (നാസി ഭരണകാലത്തെ ജൂത കൂട്ടക്കൊല) ഓര്‍മ്മകളെ ആസൂത്രിതമായി നിസാരവത്ക്കരിക്കുകയാണെന്ന് ഗിഡിയന്‍ കുറ്റപ്പെടുത്തി. തന്റെ മഹത്തായ രാജ്യത്തെ നശിപ്പിച്ച ഒരു കമ്മ്യൂണിസ്റ്റാണ് പെട്രോ എന്നും, താമസിയാതെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജൂണ്‍ 21ന് കൊളംബിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ പെട്രോ വീണ്ടും മത്സരിക്കുന്നില്ല.
പെട്രോയുടെ നാസി പരാമര്‍ശങ്ങള്‍ക്കെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച, 24 ലാറ്റിനമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ പെട്രോയുടെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് ഒരു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു. നാസിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ഹോളോകോസ്റ്റിന്റെ ചരിത്രപരമായ ഓര്‍മകളെ വളച്ചൊടിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്.
സെമിറ്റിക് വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ലാറ്റിന്‍ അമേരിക്കന്‍ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയാണ് ഈ പ്രസ്താവനയ്ക്ക് തുടക്കമിട്ടത്. അര്‍ജന്റീന, ബ്രസീല്‍, ചിലി,കോസ്റ്റാറിക്ക, ഇക്വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, പനാമ, പരാഗ്വേ, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
Content Highlight: Colombian president likens Israeli occupation to Nazi regime, prompting Israeli backlash