2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിന് സമനില. ഗ്രൂപ്പ് കെ-യില്‍ നടന്ന മത്സരത്തില്‍ കൊളംബിയയാണ് പറങ്കിപ്പടയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരം സമനിലയില്‍ അവസാനിച്ചതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും കൊളംബിയക്ക് സാധിച്ചു. ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് കടന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റാണ് പറങ്കിപ്പടക്കുള്ളത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കഴിഞ്ഞ മത്സരത്തില്‍ ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായി എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സംഘത്തിനും ഗോളുകള്‍ നേടാന്‍ സാധിക്കാതെ പോയി. ഉസ്ബക്കിസ്ഥാനെതീരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ റൊണാള്‍ഡോക്ക് ഈ മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

റൊണാള്‍ഡോ തന്റെ കരിയറില്‍ ഇതാദ്യമായാണ് കൊളംബിയക്കെതിരെ കളത്തിലിറങ്ങിയത്. നീണ്ട 13 വര്‍ഷമായി റൊണാള്‍ഡോ ഒരു സൗത്ത് അമേരിക്കന്‍ രാജ്യത്തിനെതിരെ ഗോള്‍ നേടിയിട്ടില്ല.

ഒരു സൗത്ത് അമേരിക്കന്‍ രാജ്യത്തിനെതിരെ അവസാനമായി റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത് 2013ല്‍ ഇക്വഡോറിനെതിരെയായിരുന്നു. റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും ആ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-2ന് പരാജയപ്പെടുകയായിരുന്നു. നീണ്ട 13 വര്‍ഷങ്ങളുടെ റൊണാള്‍ഡോയുടെ ഗോളിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും.

അതേസമയം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നീക്കങ്ങള്‍ നടത്തി. രണ്ടാം പകുതിയില്‍ കൊളംബിയ ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗീസ് പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ ഞെട്ടിച്ചു കൊണ്ട് കൊളംബിയ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

26 ഷോട്ടുകളാണ് പോര്‍ച്ചുഗലിന്റെ പോസ്റ്റിലേക്ക് കൊളംബിയ ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് 13 ഷോട്ടുകളില്‍ രണ്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചു.

 

Content Highlight: Colombia-Portugal match in 2026 FIFA World Cup ends in a draw