കോളേജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; കണ്ടെത്തിയത് ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍
Kerala News
കോളേജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; കണ്ടെത്തിയത് ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 12:24 pm

താമരശ്ശേരി: കോളേജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് അര്‍ധ ബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്നാണ് ഇത് ചൊവ്വാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതും പീഡന വിവരങ്ങള്‍ പുറത്തുവന്നതും. എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ശേഷം ഇന്നലെ തന്നെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചുവെന്നും ഇന്ന് വിശദമായി മൊഴിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പെണ്‍കുട്ടിയെ പ്രാഥമിക വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു.

തലശ്ശേരിയില്‍ സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി അവിടെ ഒരു ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി മുന്‍പരിചയമുള്ള യുവാവ് ചൊവ്വാഴ്ച കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായെന്ന് കാണിച്ച് മാതാപിതാക്കള്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. തന്നെ വലിയ അളവില്‍ ലഹരി നല്‍കിയ ശേഷം എറണാകുളത്ത് അടക്കം വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പ്രതി മുമ്പും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി സമാനമായി പീഡനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വയനാട് സ്വദേശിയായ യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Content Highlights: college student was kidnaped and sexually abused in wayanad