കോളേജ് ഡേയ്ക്ക് അനുമതിയില്ല; പ്രിന്‍സിപ്പാളിനെയും മാനേജരേയും പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍
Kerala News
കോളേജ് ഡേയ്ക്ക് അനുമതിയില്ല; പ്രിന്‍സിപ്പാളിനെയും മാനേജരേയും പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2022, 9:02 am

മലപ്പുറം: കോളേജ് ആര്‍ട്‌സ് ഡേ നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍, മാനേജര്‍, മറ്റ് അധ്യാപകര്‍ എന്നിവരെ ക്യാമ്പസ്സിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍. മലപ്പുറം വളയംകുളം അസബഹാ കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയടക്കമുള്ള അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

വ്യാഴാഴ്ച കോളേജ് അടയ്ക്കുന്ന ദിവസമായതിനാല്‍ മിക്ക കോളേജുകളും കോളേജ് ആര്‍ട്‌സ് ഡേ നടത്തുന്നുണ്ട്. അധികൃതര്‍ കോളേജ് ഡേയ്ക്കും മറ്റ് അനുബന്ധ പരിപാടികള്‍ക്കും നേരത്തെ അനുമതി നല്‍കിയതാണെന്നും എന്നാല്‍ അവസാന ദിവസം അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പ്രിന്‍സിപ്പാളിന്റെയും മാനേജ്‌മെന്റിന്റെയും ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനേയും മാനേജരേയും മറ്റ് അധ്യാപകരേയും തടഞ്ഞുവെച്ചത്. കോളേജിന്റെ രണ്ട് ഗേറ്റുകളും താഴിട്ടുപൂട്ടിയ ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇവരെ തടഞ്ഞു വെച്ചത്.

ആര്‍ട്‌സ് ഡേ നടത്തുന്നതിനായി ഓരോ സെമസ്റ്ററിനും 300 രൂപ വീതം ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ് വാങ്ങുന്നുണ്ടെന്നും, ആര്‍ട്‌സ് ഡേ നടത്തുന്നില്ലെങ്കില്‍ വാങ്ങിച്ച പണം തിരിച്ചു നല്‍കാനുള്ള മാന്യതയെങ്കിലും കോളേജ് അധികൃതര്‍ കാണിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസെത്തി ഗേറ്റ് തുറക്കാനാവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഗെയ്റ്റ് തുറക്കില്ല എന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ കൂടുതല്‍ പൊലീസെത്തി ഗേറ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോവാന്‍ കൂട്ടാക്കാതിരുന്നതോടെ കോളേജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഏറെ നേരത്തിന് ശേഷവും വിദ്യാര്‍ത്ഥികള്‍ സമരവുമായി കോളേജില്‍ തന്നെ തുടര്‍ന്നു.

തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച കോളേജ് ഡേയ്ക്കുള്ള അനുമതി വാങ്ങിയെടുത്തതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരമം അവസാനിപ്പിച്ചത്.

Content highlight: College Day is not allowed; Students lock up principal and manager