33 വര്‍ഷത്തിന് മുമ്പുള്ള വിക്രം ചിത്രത്തിന്റെയും ബൈസണിന്റെയും പ്രത്യേകത; യാദൃശ്ചികമെന്ന് ആരാധകര്‍
Indian Cinema
33 വര്‍ഷത്തിന് മുമ്പുള്ള വിക്രം ചിത്രത്തിന്റെയും ബൈസണിന്റെയും പ്രത്യേകത; യാദൃശ്ചികമെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 9:35 pm

ദീപാവലി റിലീസായി തിയേറ്ററില്‍ എത്തുന്ന ചിത്രമാണ് ബൈസണ്‍. ധ്രുവ് വിക്രം പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച വരവേല്‍പ് ലഭിച്ചിരുന്നു.

ഓരോ സിനിമയിലും ശക്തവും വ്യക്തവുമായ രാഷ്രീയം സംസാരിക്കുന്ന മാരി സെല്‍വരാജാണ് ബൈസണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നത് ഒക്ടോബര്‍ 17നാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതിയിലുള്ള യാദൃശ്ചികത ചൂട്ടിക്കാട്ടിയിരിക്കുകയാണ് ആരാധകര്‍.

ധ്രുവിന്റെ അച്ഛനായ വിക്രത്തിന്റെ അരങ്ങേറ്റ ചിത്രമായ എന്‍ കാതല്‍ കണ്‍മണി പുറത്തിറങ്ങിയതും ഇതേദിവസമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ധ്രുവ് വിക്രം അരങ്ങേറ്റ ചിത്രവും (ബൈസണ്‍ തന്റെ ആദ്യ ചിത്രമായിട്ടാണ് കണക്കാക്കുന്നത് എന്ന് ധ്രുവ് പറഞ്ഞിരുന്നു) അതേ ദിവസത്തില്‍ തന്നെ റിലീസ് ആകുന്നതും.

1990 ഒക്ടോബര്‍ 17നാണ് എന്‍ കാതല്‍ കണ്‍മണി പ്രദര്‍ശനത്തിന് എത്തിയത്. വിക്രമും രേഖ നമ്പ്യാരും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ടി.ജെ. ജോയ് ആണ്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ബൈസണ്‍. 90 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ദേശീയ കബഡി ടീമില്‍ ഇടം നേടിയ മാനടി ഗണേശന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈസണ്‍ ഒരുക്കിയത്. പാ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം ലാലാണ് ചിത്രത്തില്‍ വില്ലനായി വേഷമിടുന്നത്.

അതേസമയം, മഹാന്‍ എന്ന ചിത്രത്തിലാണ് ധ്രുവ് അവസാനമായി വേഷമിട്ടത്, വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന് വേണ്ടി ധ്രുവ് വിക്രം ഒരു ഗാനവും ആലപിച്ചിരുന്നു.

Content Highlight: Coincidence between Vikram movie and Druv Vikram movie