സി.ജെ.പി റാലിക്കിടെ ദീപ്‌കെയ്ക്ക് നേരെ കൈയേറ്റം; ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണം, മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് ദീപ്‌കെ
India
സി.ജെ.പി റാലിക്കിടെ ദീപ്‌കെയ്ക്ക് നേരെ കൈയേറ്റം; ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണം, മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് ദീപ്‌കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2026, 8:11 pm

ജയ്പൂര്‍: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി ) രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേര്‍ക്ക് ആക്രമണം. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ഒരു സംഘം ആളുകള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

ജയ്പൂരിലെ രക്തസാക്ഷി സ്മാരകത്തിലായിരുന്നു പ്രതിഷേധ റാലി. പ്രതിഷേധ റാലിക്കായി നിരവധി യുവാക്കള്‍ സ്മാരകത്തിലെത്തിയിരുന്നു. റാലിയിലേക്ക് പ്രവേശിക്കുന്നതിനിടെ ചിലര്‍ വന്ന് തന്നെ മര്‍ദിച്ചതായി ദീപ്‌കെ പറഞ്ഞു.

തനിക്കെതിരായ ആക്രമണത്തെ ദീപ്‌കെ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് എക്‌സ് പോസ്റ്റില്‍ ദീപ്‌കെ പറഞ്ഞു. തങ്ങള്‍ സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശാരീരികമായി ആക്രമിക്കുന്നത് ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. ഞങ്ങള്‍ ഞങ്ങളുടെ ശബ്ദം സമാധാനപരമായി ഉയര്‍ത്തുന്നത് തുടരും.

ഞാന്‍ ഗാന്ധിയെയും അംബേദ്കറെയുമാണ് പിന്തുടരുന്നത്. ഞാന്‍ ഈ പോരാട്ടത്തില്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോവും,’ ദീപ്‌കെ കുറിച്ചു.ധര്‍മേന്ദ്ര പ്രധാന്‍ തീര്‍ച്ചയായും രാജിവയ്ക്കണമെന്നും ഈ എക്‌സ് പോസ്റ്റില്‍ ദീപ്‌കെ കുറിച്ചു.

ഇതിന് പിറകെ എക്‌സില്‍ ഒരു വീഡിയോയും ദീപ്‌കെ പങ്കുവച്ചിട്ടുണ്ട്. ഒരു കാര്യവും നമ്മുടെ ശ്രദ്ധ തെറ്റിക്കരുതെന്നും ധര്‍മേന്ദ്ര പ്രധാന്‍ തീര്‍ച്ചയായും രാജി വയ്ക്കണമെന്നും വീഡിയോക്കൊപ്പം നല്‍കിയ കാപ്ഷനില്‍ ദീപ്‌കെ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന മുദ്രാവാക്യവുമായി നമ്മള്‍ മുന്നോട്ട് പോകണമെന്ന് വീഡിയോയില്‍ ദീപ്‌കെ പറഞ്ഞു.

‘ഇന്നത്തെ പ്രതിഷേധം വളരെ വലുതായിരുന്നു. ധാരാളം യുവാക്കളാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. ഓരോ ദിവസം കഴിയുംതോറും നമ്മുടെ പ്രതിഷേധം വളരുകയാണ്.’ വീഡിയോയില്‍ ദീപ്‌കെ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തെറ്റിപ്പോവരുതെന്നും ദീപ്‌കെ കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് ആവശ്യപ്പെട്ടു.

ഈ മാസം 20ന് മുമ്പായി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ സി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോയ സി.ജെ.പി ഈ മാസം ആറിന് ദല്‍ഹി ജന്തര്‍ മന്ദറിലാണ് ആദ്യ ഓഫ്‌ലൈന്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ സി.ജെ.പി പ്രഖ്യാപിച്ചു. ഈ മാസം 11ന് പൂനെയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമൃത് സര്‍, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലും സി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

നീറ്റ് ചോദ്യച്ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളിലാണ് സി.ജെ.പി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നത്.

Content Highlight: Cockroach Janta Party founder Abhijeet Dipke attacked during Jaipur protest