ധര്‍മേന്ദ്ര പ്രധാന്‍ 20ന് മുമ്പ് രാജിവെക്കണം; നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സി.ജെ.പി
India
ധര്‍മേന്ദ്ര പ്രധാന്‍ 20ന് മുമ്പ് രാജിവെക്കണം; നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2026, 7:01 pm

ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായി കോക്രോച്ച് ജനത പാര്‍ട്ടി. ഈ മാസം 20ന് മുമ്പ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും സി.ജെ.പി നേതാവ് അഭിദീത് ദീപ്‌കെ ആവശ്യപ്പെട്ടു.

രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പൂനെയിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. ഇതിന് ശേഷം ലഖ്‌നൗ, അമൃത്‌സര്‍, ജയ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ദീപ്‌കെ അറിയിച്ചു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചില്ലെങ്കില്‍ ഈ മാസം 20ന് ദല്‍ഹി ജന്തര്‍ മന്ദറില്‍ വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഇതില്‍ പങ്കാളികളാവുമെന്നും ദീപ്‌കെ വ്യക്താക്കി. പൂനെയില്‍ നാളെ വൈകിട്ട് നാല് മണിക്കാണ് സമാധാപരമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക എന്നും ദീപ്‌കെ അറിയിച്ചു.

രാജ്യത്തെ തെറ്റായ നയങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ തടയരുതെന്ന് ദീപ്‌കെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഭയമാണ്. തന്റെ മാതാപിതാക്കള്‍ക്കും ഇത്തരം ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഐക്യത്തോടെ ഈ നയങ്ങളെ ചോദ്യം ചെയ്താല്‍ വിജയിക്കാനാവുമെന്നും ദീപ്‌കെ പറഞ്ഞു.

‘സര്‍ക്കാരും അവരുടെ തെറ്റായ നയങ്ങളും കാരണം വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുമ്പോള്‍ അതിനെതിരെ സംസാരിക്കാന്‍ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഭയക്കുന്നു, എന്റെ മാതാപിതാക്കഴും ആശങ്കപ്പെട്ടിരുന്നു. ഞാന്‍ ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധത്തിനെത്തിയപ്പോള്‍ എന്റെ മാതാവും കരഞ്ഞിരുന്നു, ഞാന്‍ യു.എസില്‍ തന്നെ നിന്ന് ജോലി ചെയ്താല്‍ മതിയായിരുന്നെന്ന് അമ്മ പറഞ്ഞിരുന്നു. ഇവിടെ അധികാരത്തിലുള്ളവര്‍ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്നോ എന്നെ അറസ്റ്റ് ചെയ്യുമെന്നോ അമ്മ ഭയപ്പെട്ടിരുന്നു,’ ദീപ്‌കെ പറഞ്ഞു.

‘വിയോജിപ്പിന്റെ ശബ്ദങ്ങളെ അധികാരത്തിലുള്ളവര്‍ അടിച്ചമര്‍ത്തും. പക്ഷേ നമ്മള്‍ സര്‍ക്കാരിനെതിരെ പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് നമ്മളെ നിര്‍ത്താന്‍ സാധിക്കില്ല. ഐക്യം ശക്തിയേകും. ജയിലിലേക്ക് അയക്കുന്നതില്‍ ഞങ്ങള്‍ക്ക് ഭയമില്ല. നമ്മള്‍ എടുത്തുകളയേണ്ട വലിയ ശത്രുവാണ് ഭയം,’ ദീപ്‌കെ പറഞ്ഞു. ‘നമ്മള്‍ ചോദിച്ചില്ലെങ്കില്‍ മറ്റാര് ചോദ്യങ്ങള്‍ ചോദിക്കും,’ ദീപ്‌കെ ചോദിച്ചു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ ആറിന് ദല്‍ഹി ജന്തര്‍ മന്ദറില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കിയിരുന്നു.ജന്തര്‍ മന്ദറിലെ പ്രതിഷേധം ഒരു ട്രെയിലര്‍ മാത്രമാണെന്നും ജൂണ്‍ ആറിന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ദീപ്കെ വ്യക്തമാക്കിയിരുന്നു.

Content Highlight: Cockoroach Janata Party Nationwide protest demanding Dharmendra Pradhan’s Resignation