നടന്‍ കൊച്ചിന്‍ ഹനീ­ഫ അ­ന്ത­രി­ച്ചു
Kerala
നടന്‍ കൊച്ചിന്‍ ഹനീ­ഫ അ­ന്ത­രി­ച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2010, 4:42 pm

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കൊച്ചിന്‍ ഹനീഫ അന്തരിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിന്‍ ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും അസുഖത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1980ല്‍ മാമാങ്കം എന്ന സിനിമയിലാണ് കൊച്ചിന്‍ ഹനീഫ ആദ്യമായി അഭിനയിച്ചത്. 1985ല്‍ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന പ്രിയദര്‍ശന്‍ സിനിമക്ക് ആദ്യമായി തിരക്കഥയെഴുതി. 1993ല്‍ വാത്സല്യം സംവിധാനം ചെയ്തു. കിരീടത്തിലെ ഹൈദ്രോസിന്റെ വേഷമാണ് ഹനീഫയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഹാസ്യത്തിലാണ് അദ്ദേഹം തന്റെ അഭിനയ സാധ്യത കണ്ടെത്തിയത്. 2001ലെ സൂത്രധാരനിലെ അഭിനയത്തിന് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മുതല്‍വന്‍, അന്യന്‍, ശിവാജി തുടങ്ങിയ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ജയരാജിന്റെ ലൗഡ് സ്പീക്കറാണ് കൊച്ചിന്‍ ഹനീഫയുടെ ഒടുവില്‍ റിലീസായ ചിത്രം. അഭിനയത്തിനുപുറമെ സംവിധാനം, തിരക്കഥാരചന എന്നീ നിലകളിലും ഹനീഫ പ്രശസ്തനാണ്. മലയാളത്തിലും തമിഴിലും ഒരുപോലെ പ്രശസ്തനായ ഹനീഫ ആദ്യകാലത്ത് വില്ലന്‍കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കിരീടത്തിലെ ഹൈദ്രോസിലൂടെയാണ് ഹനീഫ തന്റെ വില്ലന്‍ ഇമേജിനെ പൊളിച്ചത്. പിന്നീട് വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ഹനീഫ സിനിമയില്‍ നിറസാന്നിധ്യമായി.

വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്‍ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൗര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്‍ഖന്‍ , ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്റെ ഉപാസന, താളവട്ടം, മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ചെങ്കോല്‍, ദേവാസുരം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കുംതളിക, പഞ്ചാബി ഹൗസ്, ഹരികൃഷ്ണന്‍സ്, ഫ്രണ്ട്‌സ്, അരയന്നങ്ങളുടെ വീട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സി.ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, രാജമാണിക്യം, അനന്തഭദ്രം, കീര്‍ത്തിചക്ര, ഛോട്ടാമുംബൈ, ട്വന്റി 20 തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ച പ്രധാന സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങള്‍. മഹാനദി, മുതല്‍വന്‍, മുഖവരി, യൂത്ത്, പാര്‍ത്ഥിപന്‍ കനവ്, അന്യന്‍, കസ്തൂരിമാന്‍, പട്ടിയല്‍, സംതിങ് സംതിങ് ഉനക്കും എനക്കും ദീപാവലി, ശിവാജി, ജയം കൊണ്ടേന്‍, ഏകന്‍ തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍. തമിഴില്‍ വി എം സി ഹനീഫ എന്നാണ് കൊച്ചിന്‍ ഹനീഫ അറിയപ്പെടുന്നത്.