മഹാ കുംഭമേളയ്ക്കിടെ കൊക്കകോള വിറ്റത് 18 കോടി കുപ്പികള്‍; കുംഭമേളയില്‍ പങ്കെടുത്തവരില്‍ 27%വും കുടിച്ചത് കോള
national news
മഹാ കുംഭമേളയ്ക്കിടെ കൊക്കകോള വിറ്റത് 18 കോടി കുപ്പികള്‍; കുംഭമേളയില്‍ പങ്കെടുത്തവരില്‍ 27%വും കുടിച്ചത് കോള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 5:42 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയ്ക്കിടെ കൊക്കകോള കമ്പനി വന്‍ തോതില്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട്. ഒന്നരമാസത്തോളം നീണ്ട് നിന്ന കുംഭമേളയ്ക്കിടെ എകദേശം 18 കോടി ഡ്രിങ്കുകളാണ് കൊക്കകോള കമ്പനി വില്‍പ്പന നടത്തിയത്. കമ്പനി തന്നെയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

മേള നടക്കുന്ന പ്രദേശങ്ങളിലുടനീളം 1400 ഓളം മൊബൈല്‍ സ്‌റ്റേഷനുകള്‍ കമ്പനി സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ 100 കൂള്‍ ഡോര്‍ വാളുകളും ഉണ്ടായിരുന്നു.

ഇതാദ്യമായാണ് കൊക്കകോള ഇത്തരത്തില്‍ ഒരൊറ്റ ഇവന്റിലൂടെ ഇത്രയും വലിയ സ്‌കെയിലില്‍ പങ്കാളിത്തം വഹിക്കുന്നത്. കൊക്കകോളയുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുംഭമേളയ്ക്ക് എത്തിയ ഒരോ വ്യക്തിയും ഒരു ഡ്രിങ്ക് കുടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സന്ദര്‍ശകരുടെ 27%വും കുടിച്ചത് കൊക്കകോളയായിരിക്കും. ഇപ്പോഴാകട്ടെ കമ്പനിയുടെ ആദ്യപാദത്തിലെ റിപ്പോര്‍ട്ടുകളില്‍ കുംഭമേളയെ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുമുണ്ട്.

ഈ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രകടനം മികച്ചതായിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ച ഇരട്ടയക്കത്തിലെത്തിക്കാനും ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സാധിച്ചിരുന്നു. ഇതിന് പുറമെ രാജ്യത്ത് മൂന്നര ലക്ഷത്തോളം പുതിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഇക്കാലയളവില്‍ സ്ഥാപിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

‘144 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍വെച്ച് നടക്കുന്ന മഹാകുംഭമേള ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ആഘോഷമാണ്. ഏകദേശം 660 മില്യണ്‍ ആളുകളാണ് 2025ല്‍ പങ്കെടുത്തത്.

ഈ പാദത്തിലെ കൊക്കകോളയുടെ ഇന്ത്യയിലെ പെര്‍ഫോമന്‍സ് വളരെ ശക്തമായിരുന്നു. ഞങ്ങളുടെ ശൃംഖല പുതുതായി 3,50,000 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു,’  കൊക്കകോള സി.ഇ.ഒ ജെയിംസ് ക്വീന്‍സി പറഞ്ഞു

ആഗോളതലത്തില്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 2% വളര്‍ച്ചയാണ് കൊക്കകോള കൈവരിച്ചത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടുന്ന പസഫിക് മേഖലയിലാകട്ടെ ഇത് 6% ആയിരുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി.

Content Highlight: Coca-Cola sold 18 crore drinks during the Maha Kumbh Mela; 27% of the Kumbh Mela participants drank cola