എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരി വിവാദം: ഒന്‍പതാം ദിവസവും സഭ സ്തംഭിച്ചു
എഡിറ്റര്‍
Monday 3rd September 2012 1:48pm

ന്യൂദല്‍ഹി: കല്‍ക്കരി പാടങ്ങള്‍ ഖനനത്തിന് നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒന്‍പതാം ദിവസം ബി.ജെ.പി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.

Ads By Google

പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരുസഭകളൂം 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം സഭ തുടര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ്‌ സഭാനടപടികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചത്.

അഴിമതി പ്രശ്‌നത്തില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് ഉപാധികള്‍ക്ക് വിധേയമായി അവസാനിപ്പിക്കാമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സൂചന നല്‍കിയിരുന്നു. 2004-09 കാലത്ത് ലേലംകൂടാതെ കല്‍ക്കരി ഖനനത്തിന് ലൈസന്‍സുകള്‍ നല്‍കിയതുവഴി പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി.എ.ജി.)ന്റെ റിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചത്.

ഇതേത്തുടര്‍ന്ന്, 2004-09 കാലയളവില്‍ കല്‍ക്കരിവകുപ്പിന്റെ ചുമതല നേരിട്ട് കൈയാളിയിരുന്ന പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയായി ബി.ജെ.പി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിവരികയാണ്.

അന്തരിച്ച മുന്‍മന്ത്രി കാഷിറാം റാണയ്ക്ക് സ്പീക്കര്‍ മീരാ കുമാര്‍ അനുശോചനം അര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭയില്‍ ബഹളം തുടങ്ങി. ബി.ജെ.പി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

Advertisement