സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാട് കേസ്; മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍
Kerala
സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാട് കേസ്; മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2025, 8:10 pm

ന്യൂദല്‍ഹി: ഐ.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് എം.എല്‍.എ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മാത്യു കുഴല്‍നാടന്റെ അപ്പീല്‍ സുപ്രീം കോടതി നാളെ (തിങ്കള്‍) പരിഗണിക്കും.  മുഖ്യമന്ത്രിയുടെ മകളുടേതെന്ന മേല്‍വിലാസത്തിലാണ് എക്സാലോജിക് എന്ന സ്ഥാപനം സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്റെ ഹരജി.

ഇരുസ്ഥാപനങ്ങളും തമ്മിലുള്ള പണമിടപാട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും കുഴല്‍നാടന്‍ പറയുന്നു.

നേരത്തെ സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹരജികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ഒരുപോലെ തള്ളിയിരുന്നു. പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുഴല്‍നാടന്‍ സൂചന നൽകിയിരുന്നു.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയത് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹരജി ഫയല്‍ ചെയ്തത്. അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവും സമാനമായ ആവശ്യം ഉന്നയിച്ച് ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരുടെയും ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

അതേസമയം മാത്യു കുഴല്‍നാടന്റെ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലന്‍സ് കോടതി പരാമര്‍ശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു.

മുഖ്യമന്ത്രി വഴിവിട്ട സേവനം നല്‍കിയതിനാലാണ് മകള്‍ വീണ വിജയന്റെ കമ്പനിക്ക് സി.എം.ആര്‍.എല്‍ ഒരു സേവനവും നല്‍കാതെ തന്നെ പണം കൈമാറിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം.

എന്നാല്‍ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഹരജി തള്ളിയത്.

Content Highlight: CMRL-Exalogic deal case; Mathew Kuzhalnadan in Supreme Court