മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി; അഭിമാന നിമിഷമെന്ന് പ്രതികരണം
national news
മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി; അഭിമാന നിമിഷമെന്ന് പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 4:45 pm

ഡിസ്പുർ: മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാൽ കഴുകിത്തുടക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ വൈറലാകുന്നു. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയാണ് ബി.ജെ.പി നേതാക്കളുടെ കാൽ കഴുകി തുടക്കുന്നത്. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി .നദ്ദയും പങ്കെടുക്കുന്ന പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി ശർമ രം​ഗത്തെത്തിയിരുന്നു. ഇത് ബി.ജെ.പിയുടെ പാരമ്പര്യം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കാൽ കഴുകി തുടയ്ക്കുന്നതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശർമ തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മുതിർന്നവരോട് ബഹുമാനം കാണിക്കുന്നത് ബി.ജെ.പിയുടെ പാരമ്പര്യത്തിന്റെ ഭാ​ഗമാണെന്നും മുതിർന്ന നേതാക്കളുടെ പാദങ്ങൾ കഴുകിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശർമ തറയിലിരുന്ന് മുതിർന്ന നേതാവിന്റെ പാദങ്ങൾ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തുടർന്ന് മുഖ്യമന്ത്രി നേതാവിന്റെ കാൽ തൊട്ട് അനുഗ്രഹവും തേടി. മുതിർന്നവരോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ കുറിച്ചിരുന്നു.

 

Content Highlight: CM washes feet of senior BJP leaders; it was a proud moment responds Chief minister