വാക്ക് പാലിക്കാന്‍ ആരുണ്ടാകുമെന്ന് കണ്ടറിഞ്ഞ നിമിഷം; മോദിയെടുത്ത നൈസമോള്‍ക്ക് വീട് കൈമാറി മുഖ്യമന്ത്രി
Kerala
വാക്ക് പാലിക്കാന്‍ ആരുണ്ടാകുമെന്ന് കണ്ടറിഞ്ഞ നിമിഷം; മോദിയെടുത്ത നൈസമോള്‍ക്ക് വീട് കൈമാറി മുഖ്യമന്ത്രി
രാഗേന്ദു. പി.ആര്‍
Sunday, 1st March 2026, 8:32 pm

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകള്‍ക്കുള്ള നറുക്കെടുപ്പ് നടന്നപ്പോള്‍ നൈസമോള്‍ക്കും വീട് ലഭിച്ചു. നൈസമോള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ കൈമാറി.

വയനാട് ദുരന്തത്തില്‍ നിന്ന് ഉമ്മക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞാണ് നൈസമോള്‍. ദുരന്തഭൂമിയിലെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൈസമോളെയും സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ താടിയില്‍ പിടിച്ചും കൈകൊടുത്തും ചിരിപടര്‍ത്തിയ നൈസമോള്‍ അന്ന് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നൈസയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ ഇന്ന് നൈസമോളുടെ വീടെന്ന സന്തോഷമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഉണ്ടായതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

മന്ത്രി പി. രാജീവും സമാനമായി പ്രതികരിച്ചു. ‘വരാനും കാണാനും വാക്ക് നല്‍കാനും പലരും വന്നെങ്കിലും ആ വാക്ക് പാലിക്കാന്‍ ആരുണ്ടാകുമെന്ന് നാട് കണ്ടറിഞ്ഞ നിമിഷം,’ എന്ന് നൈസമോളെ മടിയിലിരുത്തികൊണ്ടുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രി നൈസമോളെ ചേര്‍ത്തുപിടിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് നൈസമോളെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു.

പിന്നാലെ നൈസമോളെ മടിയിലിരുത്തി മുഖ്യമന്ത്രി വിശേഷങ്ങള്‍ ചോദിച്ചു. തൊട്ടടുത്തുണ്ടായിരുന്ന റവന്യൂമന്ത്രി കെ. രാജനും മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്നു.

വലിയ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും സദസിലിരിക്കുന്നവരെ നോക്കുന്ന നൈസയുടെ മുഖം കേരളീയരുടെ മനസില്‍ ഇടംപിടിച്ചുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. സന്തോഷം നിറഞ്ഞ നൈസയുടെ മുഖം എത്ര സുന്ദരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നൈസമോള്‍ക്ക് തന്റെ ഉപ്പയെയും രണ്ട് സഹോദരങ്ങളെയും നഷ്ടപ്പെട്ടിരുന്നു.

Content Highlight: CM Pinarayi vijayan cherish with Naiza mol in wayanad township inauguration

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.