ക്ലബ്ബ് വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി റയലിനെ തകര്‍ത്തുവിട്ടത്.
പി.എസ്.ജിയുടെ മികച്ച പ്രകടനത്തിനൊപ്പം സ്വന്തം ഡിഫന്‍സ് എതിരാളികള്‍ക്ക് ഗോളടിക്കാന്‍ അവസരമുണ്ടാക്കിയതും റയലിന്റെ പതനത്തിന് കാരണമായി.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ കൊമ്പുകോര്‍ക്കലിനാണ് കലാശപ്പോരാട്ടം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ആദ്യ സെമിയില്‍ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളുമിനന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തെത്തിയ, നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ ചെല്‍സിയാണ് കിരീടപ്പോരാട്ടത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരുടെ എതിരാളികള്‍.
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ലൂയീസ് എന്‌റിക്വ് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്താകട്ടെ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെ വിങ്ങുകളിലൂടെ ആക്രമിക്കാന്‍ വിട്ട് 4-3-1-2 എന്ന ഫോര്‍മേഷനില്‍ സാബി അലോണ്‍സോ റയലിനെ കളത്തില്‍ വിന്യസിച്ചു.
ആദ്യ വിസില്‍ മുഴങ്ങി ആറാം മിനിട്ടില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. റയലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഫാബിയാന്‍ റൂയിസാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പേ പി.എസ്.ജി റയലിന്റെ ഇടനെഞ്ചില്‍ അടുത്ത പ്രഹരവുമേല്‍പ്പിച്ചു. ഇത്തവണ പി.എസ്.ജിക്ക് ‘അസിസ്റ്റ് നല്‍കിയതാകട്ടെ’ പ്രതിരോധ നിരയിലെ ടീമിന്റെ വിശ്വസ്തനായ അന്റോണിയോ റൂഡിഗറും. റൂഡിഗറിന്റെ കൈവശമുള്ള പന്ത് റാഞ്ചിയെടുത്ത ഡെംബലെ ഗോള്‍ കീപ്പര്‍ കോര്‍ട്ട്വായ്ക്ക് അവസരമൊന്നും നല്‍കാതെ പന്തിനെ വലയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു.
24ാം മിനിട്ടില്‍ പി.എസ്.ജി നടത്തിയ മറ്റൊരു മുന്നേറ്റവും ഗോളില്‍ കലാശിച്ചു. ഫാബിയാന്‍ റൂയീസ് തന്നെയാണ് ഇത്തവണയും വലകുലുക്കിയത്. 40ാം മിനിട്ടില്‍ ക്വിച്ച ക്വാരത്‌ഷെലിയയുടെ ശ്രമവും ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കും വലയിലെത്തിക്കാന്‍ സാധിക്കാതെ പോയതോടെ പി.എസ്.ജി എതിരില്ലാത്ത മൂന്ന് ഗോളിന് ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും കാര്യമായ മാറ്റങ്ങള്‍ നടത്തിയെങ്കിലും റയലിന് ഡ്രൈവിങ് സീറ്റിലേക്കെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ഗോണ്‍സാലോ റാമോസും പന്ത് വലയിലെത്തിച്ചതോടെ റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നും കുറിക്കപ്പെട്ടു.
ലാ ലിഗയടക്കം സീസണില്‍ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാതെ പോയ റയലിന് ട്രോഫി സ്വന്തമാക്കാനുള്ള അവസാന അവസരമായിരുന്നു ക്ലബ്ബ് വേള്‍ഡ് കപ്പ്. എന്നാല്‍ അവിടെയും ലോസ് ബ്ലാങ്കോസ് നിരാശരായി.
ജൂലൈ 14നാണ് ചെല്‍സി – പി.എസ്.ജി കിരീടപ്പോരാട്ടം. മെറ്റ്‌ലൈഫ് സ്റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Club World Cup Semi Final: PSG defeated Real Madrid