ഹലാ മാഡ്രിഡിന് ഹിലാല്‍ പൂട്ട്; സാബിക്ക് കീഴില്‍ ജയമില്ലാതെ റയല്‍, പോയിന്റ് പട്ടികയില്‍ രണ്ടാമത്
Club World Cup
ഹലാ മാഡ്രിഡിന് ഹിലാല്‍ പൂട്ട്; സാബിക്ക് കീഴില്‍ ജയമില്ലാതെ റയല്‍, പോയിന്റ് പട്ടികയില്‍ രണ്ടാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th June 2025, 8:03 am

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് സൗദി പ്രോ ലീഗ് സൂപ്പര്‍ ടീം അല്‍ ഹിലാല്‍. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരോ ഗോള്‍ വീതം നേടിയാണ് സ്പാനിഷ് വമ്പന്‍മാരും സൗദി ജയന്റ്‌സും സമനിലയില്‍ പിരിഞ്ഞത്. റയലിനായി ഗോണ്‍സാലോ ഗാര്‍ഷിയ ഗോള്‍ കണ്ടെത്തിയപ്പോള്‍ റൂബന്‍ നെവെസാണ് അല്‍ ഹിലാലിനായി വല കുലുക്കിയത്.

മുന്‍ റയല്‍ താരം കൂടിയായ സാബി അലോണ്‍സോക്ക് കീഴില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് റയല്‍ കളത്തിലിറങ്ങിയത്. കിലിയന്‍ എംബാപ്പെയുടെ അഭാവത്തില്‍ ഗോണ്‍സാലോ ഗാര്‍ഷിയ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരാണ് മുന്നേറ്റ നിരയെ നയിച്ചത്. അതേസമയം ഇന്ററില്‍ നിന്നും അല്‍ ഹിലാലിലെത്തിയ സിമിയോണ്‍ ഇന്‍സാഗിയാകട്ടെ 4-2-3-1 എന്ന ഫോര്‍മേഷനും അവലംബിച്ചു.

മത്സരത്തിന്റെ 31ാം മിനിട്ടില്‍ ഗോണ്‍സാലോ ഗാര്‍ഷിയയിലൂടെ റയല്‍ മുമ്പിലെത്തി. റോഡ്രിഗോയുടെ അസിസ്റ്റിലാണ് താരം ഗോള്‍വല ചലിപ്പിച്ചത്.

ഗോണ്‍സാലോ ഗാര്‍ഷിയ

39ാം മിനിട്ടില്‍ അല്‍ ഹിലാല്‍ മുന്നേറ്റ താരം മാര്‍കസ് ലിയനാര്‍ഡോയെ പെനാല്‍ട്ടി ബോക്‌സില്‍ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍ട്ടി റൂബന്‍ നെവെസ് പിഴവേതും കൂടാതെ വലയിലെത്തിച്ചതോടെ മത്സരത്തിന്റെ 41ാം മിനിട്ടില്‍ സൗദി സൂപ്പര്‍ ടീം റയലിനൊപ്പമെത്തി.

ആദ്യ പകുതി ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം പകുതി കൂടുതല്‍ ആവേശത്തിലായി. സെക്കന്‍ഡ് ഹാഫിന്റെ തുടക്കത്തില്‍ റൗള്‍ അസെന്‍സിയോയെ പിന്‍വലിച്ച് ആര്‍ദ ഗുലാറിനെ കളത്തിലിറക്കിയ സാബി തന്റെ നയം വ്യക്തമാക്കി. തുടര്‍ന്നും ഇരു ടീമുകളും പല സബ്സ്റ്റിറ്റിയൂഷനുകളും നടത്തിയെങ്കിലും പല തന്ത്രങ്ങളും പയറ്റിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു,

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും 1-1 എന്ന നിലയില്‍ മത്സരം അവസാനിപ്പിച്ചു.

ബോള്‍ പൊസഷനിലും ഷോട്ടുകളിലും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റിലും റയല്‍ തന്നെ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

ഈ സമനിലയ്ക്ക് പിന്നാലെ ഗ്രൂപ്പ് എച്ച് സ്റ്റാന്‍ഡിങ്‌സില്‍ അല്‍ ഹിലാലിനൊപ്പം രണ്ടാമതാണ് റയല്‍. ആദ്യ മത്സരം വിജയിച്ച ആര്‍.ബി സാല്‍സ്‌ബെര്‍ഗാണ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതുള്ളത്. മെക്‌സിക്കന്‍ ടീമായ പച്ചൂക്കയ്‌ക്കെതിരെ 2-1ന് വിജയിച്ചാണ് സാല്‍സ്‌ബെര്‍ഗ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ തിങ്കളാഴ്ചയാണ് റയലിന്റെ അടുത്ത മത്സരം. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പച്ചൂക്കയാണ് എതിരാളികള്‍.

 

Content Highlight: Club World Cup: Real Madrid – Al Hilal match ended in draw