സെന്റി അടിക്കുന്ന ചാര്‍ളിച്ചായനും അടി കൊണ്ട് പഞ്ചറായിട്ടും ആത്മവിശ്വാസം കൈവിടാത്ത മണിക്കുട്ടനും; ചര്‍ച്ചയാകുന്ന നാട്ടുരാജാവ് ക്ലൈമാക്‌സ്
Malayalam Cinema
സെന്റി അടിക്കുന്ന ചാര്‍ളിച്ചായനും അടി കൊണ്ട് പഞ്ചറായിട്ടും ആത്മവിശ്വാസം കൈവിടാത്ത മണിക്കുട്ടനും; ചര്‍ച്ചയാകുന്ന നാട്ടുരാജാവ് ക്ലൈമാക്‌സ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 22nd February 2026, 8:03 am

മലയാള സിനിമക്കും സിനിമാ പ്രേക്ഷകര്‍ക്കും എന്നും ഏറെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്റെ ആദ്യത്തിലുമായി ചെയ്ത ചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച ലാലിന്റെ ചിത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

നാട്ടുരാജാവ്. Photo: Justdial

ആറാം തമ്പുരാന്‍, ദേവാസുരം, രാവണപ്രഭു, താണ്ഡവം തുടങ്ങിയ മാടമ്പി കഥാപാത്രങ്ങളിലൂടെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിച്ച താരത്തിന്റെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ നാട്ടുരാജാവ്. പുലിക്കാട്ടില്‍ മാത്തച്ചന്‍ എന്ന ഫ്യൂഡല്‍ മാടമ്പിയുടെ മകനായ ചാര്‍ളിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, മീന, നയന്‍താര, ജനാര്‍ദ്ദനന്‍, രാജന്‍.പി.ദേവ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമാണ് ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ രാജീവ് അവതരിച്ച കര്‍ണ്ണന്‍ എന്ന വില്ലന്‍ കഥാപാത്രവുമായുള്ള സംഘട്ടനത്തിന് മുമ്പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ചാര്‍ളി പറയുന്ന സെന്റി ഡയലോഗാണ് സിനിമാ പേജുകളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. വര്‍ഷങ്ങളുടെ ജയില്‍ വാസത്തിന് ശേഷം തന്റെ കുടുംബത്തെ ദ്രോഹിച്ച പുലിക്കാട്ടില്‍ മാത്തച്ചന്റെ മകനെ വക വരുത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കര്‍ണ്ണന്‍ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്നത്.

ചാര്‍ളിക്കടുത്തെത്തുന്നതിന് മുമ്പ് ചാര്‍ളിയുടെ വിശ്വസ്തനായ മണിയുടെ കഥാപാത്രം മണിക്കുട്ടന്റെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ യാതൊരു ദയവുമില്ലാതെ മണിക്കുട്ടനെ തല്ലിച്ചതക്കുന്നുണ്ട്. കര്‍ണ്ണന്റെ അടികൊണ്ട് മണിക്കുട്ടന്‍ അവശനാകുമ്പോഴാണ് ഷാജി കൈലാസിന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടില്‍ തകര്‍പ്പന്‍ ബി.ജി.എമ്മിന്റെ പശ്ചാത്തലത്തില്‍ ചാര്‍ളി പ്രത്യക്ഷപ്പെടുന്നത്.

അടികൊണ്ട് ചോരയൊലിച്ചിട്ടും ചാര്‍ളിച്ചായന്‍ ഇടപെടേണ്ട ഇത് ഞാനേറ്റു എന്ന് മണി പറയുന്നുണ്ട്. ഇങ്ങനെയാണോ ഏല്‍ക്കുന്നത് എന്ന് തിരിച്ച് ചോദിച്ച് ഉടന്‍ തന്നെ മണിക്കുട്ടന്റെ ആവേശത്തെ ചാര്‍ളി തല്ലിക്കെടുന്നതും കാണാം. എന്നാല്‍ തൊട്ടടുത്ത നിമിഷം മണിക്കുട്ടനെ മര്‍ദ്ദിച്ചതിന് ചാര്‍ളി ഓടിച്ചെന്ന് വില്ലനെ ചവിട്ടിയിടും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നിടത്താണ് ഷാജി കൈലാസിന്റെ ട്വിസ്റ്റ് വരുന്നത്.

നെഞ്ചുഴിഞ്ഞ് കൊണ്ട വരുന്ന ചാര്‍ളിയോട് നിന്റെ തലയാണെനിക്ക് വേണ്ടതെന്ന് വില്ലന്‍ പറയുമ്പോള്‍ ചാര്‍ളി ചോദിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. ‘എന്റെ തല എടുത്തോ, പക്ഷേ നിനക്ക് എന്റെ പകരക്കാരനാവാന്‍ പറ്റുമോ, എന്റെ അമ്മച്ചിയുടെ മകനാവാന്‍ പറ്റുമോ, ഇവരുടെയൊക്കെ ചാര്‍ളിച്ചായനാവാന്‍ നിനക്ക് പറ്റുമോ’ എന്നാണ് കൊല്ലാന്‍ വന്ന വില്ലനോട് ഇമോഷണലായി ചാര്‍ളി ചോദിക്കുന്നത്.

കര്‍ണ്ണന്‍. Photo: screen grab/ Ashirvadh cinemas/ youtube.com

എന്നാല്‍ അതെല്ലാം നീ ചത്തതിന് ശേഷമുള്ള കാര്യമല്ലേ എന്ന് വില്ലന്‍ ചോദിക്കുന്നതോടെ അടി തുടങ്ങുകയും മോഹന്‍ലാലിന്റെ ഉഗ്രന്‍ സംഘട്ടനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ചോദിക്കുന്ന ചോദ്യത്തിനാണ് സോഷ്യല്‍ മീഡയയില്‍ വിമര്‍ശനമുയരുന്നത്. ലോകത്ത് എവിടെയെങ്കിലും നായകന്‍ വില്ലനോട് ഇത്തരത്തില്‍ സെന്റി ഡയലോഗ് അടിക്കുമോ എന്നാണ് പലരുടെയും ചോദ്യം.

ഇതിന് മറുപടി പലരും കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ വിവാഹം ചെയ്ത മീനയുടെ കഥാപാത്രമായ മായയുടെ സഹോദരനാണ് കര്‍ണ്ണനെന്നും, സ്വന്തം അളിയനായത് കൊണ്ടാവും തല്ലേണ്ട എന്ന കരുതി ഇത്തരത്തില്‍ സെന്റി അടിച്ച് നോക്കിയതെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ചാര്‍ളിയുടെ ചോദ്യത്തിന് പറ്റും എന്ന മറുപടി പറഞ്ഞിരുന്നേല്‍ നാളെ തൊട്ട് വെള്ളയും വെള്ളയും ഇട്ട് കര്‍ണ്ണന് ജീപ്പില്‍ പൊളിക്കാമായിരുന്നു എന്നും രസകരമായ കമന്റുകളുണ്ട്.

Content Highlight: Climax scene of Natturajavu on discussion in movie groups

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.