മലയാളസിനിമയില്‍ കാലങ്ങളായി നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളായാണ് അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. തനിയാവര്‍ത്തനം, ആകാശദൂത്, തിങ്കളാഴ്ച നല്ല ദിവസം, രാപ്പകല്‍, അച്ചുവിന്റെ അമ്മ തുടങ്ങി നന്മ നിറഞ്ഞ അമ്മമാരുടെ കഥകളെല്ലാം പ്രേക്ഷകരുടെ മനസ് നിറച്ചവയാണ്. സ്‌നേഹനിധിയായ അമ്മ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ മലയാളസിനിമയുടെ ആസ്ഥാന അമ്മയായി മാറി.
ഉണ്ണീ, മകനേ, കണ്ണാ എന്നൊക്കെ തന്റെ മക്കളെ സ്‌നേഹത്തോടെ വിളിക്കുകയും അവര്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ ശാസിക്കുകയും ചെയ്യുന്ന അമ്മമാരായിരുന്നു ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം കാഴ്ചകള്‍. കവിയൂര്‍ പൊന്നമ്മ ഇത്തരം അമ്മ കഥാപാത്രങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. മലയാളസിനിമ മാറിയതിന് ശേഷം ഇത്തരം അമ്മ കഥാപാത്രങ്ങള്‍ അന്യംനിന്നുപോവുകയും ചെയ്തു.
ന്യൂ ജനറേഷനെന്ന് വിളിപ്പേരിട്ട സിനിമകളിലൊന്നും അമ്മ കഥാപാത്രങ്ങളില്ലാത്ത സ്ഥിതിയായിരുന്നു പിന്നീട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളസിനിമയില്‍ അമ്മ കഥാപാത്രങ്ങളില്‍ വന്ന മാറ്റം ശ്രദ്ധിക്കേണ്ടതാണ്. നന്മയുടെയും സ്‌നേഹത്തിന്റെയും പര്യായമാണ് അമ്മമാരെന്ന ക്ലീഷേയെ പൊളിച്ചെഴുതുന്ന ചില അമ്മ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
അതില്‍ ആദ്യത്തേത് 2022ല്‍ പുറത്തിറങ്ങിയ റോഷാക്കാണ്. ചിത്രത്തില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രം അതുവരെ കണ്ടുശീലിച്ച അമ്മമാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മക്കള്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്ന അമ്മമാരില്‍ വ്യത്യസ്തമായാണ് സംവിധായകന്‍ നിസാം ബഷീര്‍ സീത എന്ന കഥാപാത്രത്തെ നിര്‍മിച്ചത്.
മകന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നതിനോടൊപ്പം മകനോട് പ്രതികാരം ചെയ്യാന്‍ വന്നയാളോട് വളരെ കൂളായി ഭീഷണി ഉയര്‍ത്തുന്ന കഥാപാത്രമായി ബിന്ദു പണിക്കര്‍ നിറഞ്ഞാടി. രഹസ്യങ്ങളെല്ലാം അറിയുന്ന പൊലീസുകാരനെ വിഷം കൊടുത്ത് കൊല്ലുമ്പോഴും ആ കഥാപാത്രം യാതൊരു കുറ്റബോധവും കാണിക്കുന്നില്ല. ബിന്ദുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു റോഷാക്കിലെ സീത.
2024ല്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനിയില്‍ മറ്റൊരു അമ്മ കഥാപാത്രവും പ്രേക്ഷകരെ ഞെട്ടിച്ചു. മനോഹരി ജോയ് അവതരിപ്പിച്ച ഗ്രേസ് എന്ന കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു സര്‍പ്രൈസായിരുന്നു. ദുരഭിമാനക്കൊല നടത്തുന്ന അമ്മ എന്ന് വാര്‍ത്തകളില്‍ മാത്രം കേട്ട പ്രേക്ഷകരെ ബിഗ് സ്‌ക്രീനില്‍ അത്തരമൊരു കഥാപാത്രത്തെ തന്മയത്വത്തോടെ മനോഹരി ജോയ് അവതരിപ്പിച്ചു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ഡീയസ് ഈറേയിലും ഇത്തരമൊരു അമ്മ കഥാപാത്രമുണ്ട്. ജയ കുറുപ്പ് അവതരിപ്പിച്ച എല്‍സമ്മ എന്ന കഥാപാത്രം പ്രേക്ഷകരെ പേടിപ്പിച്ചതിന് കയ്യും കണക്കുമില്ല. സ്വന്തം മകനെ ദൈവത്തിന് പോലും വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്ന വ്യത്യസ്തയായ അമ്മയായിരുന്നു എല്‍സമ്മ. മകന്റെ ആത്മാവിനെ മോചിപ്പിക്കാനെത്തുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് എല്‍സമ്മ ആക്രമിക്കുന്നത്.
മലയാളസിനിമ മാറുമ്പോള്‍ കാലങ്ങളായി കണ്ടുശീലിച്ച ഇത്തരം ക്ലീഷേകളും തകര്‍ക്കപ്പെടുന്നുണ്ട്. അതെല്ലാം സ്വീകരിക്കാന്‍ പ്രേക്ഷകരും തയാറാകുമ്പോഴാണ് മലയാളസിനിമയുടെ റേഞ്ച് മറ്റ് ഇന്‍ഡസ്ട്രികളില്‍ ചര്‍ച്ചയാകുന്നത്.
Content Highlight: Cliché breaking Mother characters in Malayalam cinema