വൃത്തിയുള്ളതും തടസങ്ങളില്ലാത്തതുമായ നടപാതകള്‍ കാല്‍നടയാത്രക്കാരുടെ മൗലികാവകാശം: സുപ്രീം കോടതി
national news
വൃത്തിയുള്ളതും തടസങ്ങളില്ലാത്തതുമായ നടപാതകള്‍ കാല്‍നടയാത്രക്കാരുടെ മൗലികാവകാശം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 8:27 am

 

ന്യൂദല്‍ഹി: വൃത്തിയുള്ളതും തടസമില്ലാത്തതുമായ നടപാതകള്‍ കാല്‍നട യാത്രക്കാരുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി. നടപാതകള്‍ വൃത്തിയുള്ളതാണെന്നും തടസങ്ങളില്ലാതെ സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നുണ്ടെന്ന് സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാനവും ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്തുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുവെന്നും ഇത് അനിവാര്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എ.എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. റോഡപകടങ്ങളില്‍പെട്ടവരെ ചികിത്സിക്കുന്നതിനുള്ള ക്യാഷ്‌ലെസ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവുമായി സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.

നടപാതകളുടെ അഭാവത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡുകളില്‍ നടക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനാപരമായ അവകാശമെന്ന നിലയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ശരിയായ നടപാതകള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു.

ശരിയായ നടപാതകള്‍ ഉണ്ടായിരിക്കണമെന്നും അവ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണമെന്നും നടപാതകളിലെ കൈയേറ്റങ്ങളെല്ലാം നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

അതിവേഗ ഹൈവേകള്‍ നിര്‍മിക്കുന്ന സര്‍ക്കാരുകള്‍ സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നേരത്തെ നടന്ന വാദത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Content Highlight: Clean, barrier-free walkways are fundamental right of pedestrians: Supreme Court