ലോകത്തെ രാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്മാരെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെല്ലുവിളിച്ച് നില്‍ക്കുമ്പോള്‍ എതിര്‍ ദിശയില്‍ ശബ്ദമുയര്‍ത്തുന്ന ഒരു നേതാവ്. പേര് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ദോ. മെക്‌സിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്.
Claudia Sheinbaum Pardo
2024 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍, മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ക്ലോഡിയ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ആന്ത്രേസ് മാനുവല്‍ ലോപസ് ഒബ്രദറിന്റെ പിന്‍ഗാമിയായാണ് ക്ലോഡിയ മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്.
ഇന്ന് ട്രംപിനെതിരെ തന്റെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന 61കാരിയായ ക്ലോഡിയയെ ലോകം ഉറ്റുനോക്കുകയാണ്. മെക്‌സിക്കന്‍ ഉള്‍ക്കടലിനെ അമേരിക്കന്‍ ഉള്‍ക്കടലെന്ന് വിളിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന്, ക്ലോഡിയ നല്‍കിയ മറുപടി ‘നോര്‍ത്ത് അമേരിക്ക’യെ മെക്‌സിക്കന്‍ അമേരിക്കയെന്ന് വിളിക്കുമെന്നാണ്.
പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് ഭൂപടങ്ങളില്‍ മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് ട്രംപ് നാമകരണം ചെയ്തു. എന്നാല്‍ ഇവിടെയും ക്ലോഡിയ വിട്ടുകൊടുത്തില്ല. ട്രംപിന്റെ നടപടിയില്‍ ഗൂഗിളിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്ലോഡിയ അറിയിച്ചു.
ഉള്‍ക്കടല്‍ മേഖലയില്‍ 46 ശതമാനം വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് അമേരിക്കയുടേതെന്നും 49 ശതമാനത്തോളവും മെക്സിക്കോയുടേതാണെന്നും ശേഷിക്കുന്ന അഞ്ച് ശതമാനം ക്യൂബയുടെതാണെന്നും ഷെയ്ന്‍ബോം വ്യക്തമാക്കി. മെക്സിക്കോയുടെയും ക്യൂബയുടെയും അധീനതയിലുള്ള പ്രദേശത്തിന്റെ പേര് മാറ്റുകയാണ് ഗൂഗിള്‍ ചെയ്തതെന്നും ട്രംപിന്റെ ഉത്തരവ് അമേരിക്കയുടെ പ്രദേശത്തിന് മാത്രം ബാധകമാവുന്നതാണെന്നും ഷെയിന്‍ബോം പ്രതികരിച്ചു.
ഭരണത്തിലേറിയത് മുതല്‍ ട്രംപിനെതിരെ ഒന്നിലധികം തവണയാണ് ക്ലോഡിയ രംഗത്തെത്തിയത്. അനധികൃതമായി യു.എസിലേക്ക് കുടിയേറിയ പൗരന്മാരെ സൈനിക വിമാനങ്ങളില്‍ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനത്തെയും മെക്‌സിക്കോ എതിര്‍ത്തിരുന്നു. യു.എസിന്റെ സൈനിക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച്, ക്ലോഡിയയുടെ നേതൃത്വത്തിലുള്ള മെക്‌സിക്കന്‍ ഭരണകൂടം തങ്ങളുടെ പൗരന്മാരെ സിവില്‍ വിമാനങ്ങളില്‍ രാജ്യത്തെത്തിച്ചു.
ഇത്തരത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലയുറച്ച ഷെയ്ന്‍ബോം, മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്വത്തിലൂടെയാണ് മെക്‌സിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്നത്. 1989ല്‍ ക്ലോഡിയ ഡെമോക്രാറ്റിക് റെവല്യൂഷന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് ഈ പാര്‍ട്ടി പിളര്‍ന്ന് ലോപസ് ഒബ്രദറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൊറേന പാര്‍ട്ടിയില്‍ ക്ലോഡിയ ചേരുകയായിരുന്നു.
നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്ന മൊറേന പാര്‍ട്ടിയില്‍ 2014 മുതല്‍ ക്ലോഡിയ പ്രവര്‍ത്തിക്കുന്നുണ്ട്. 2000 മുതല്‍ 2006 വരെ ക്ലോഡിയ ഒബ്രദറിന്റെ കീഴില്‍ മെക്സിക്കോ സിറ്റിയിലെ പരിസ്ഥിതി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ 2017 വരെ ത്‌ലാല്‍പാന്‍ ബറോയുടെ മേയറായും ക്ലോഡിയ പ്രവര്‍ത്തിച്ചു.
Xochitl Galvez
2018ലെ തെരഞ്ഞെടുപ്പില്‍ മെക്‌സിക്കോ സിറ്റിയുടെ ഗവണ്‍മെന്റ് തലവയായും ക്ലോഡിയ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2024 ജൂണില്‍ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സോചിത്ല്‍ ഗാല്‍വെസിനെതിരെ വന്‍ ഭൂരിപക്ഷത്തില്‍ ക്ലോഡിയ വിജയം കണ്ടു. സ്വാതന്ത്ര്യം നേടി 200 വര്‍ഷങ്ങള്‍ക്ക് ശേഷം മെക്‌സിക്കയുടെ 66ാം മത് പ്രസിഡന്റായാണ് ക്ലോഡിയ ഭരണത്തിലേറിയത്.
സത്യപ്രതിജ്ഞക്ക് ശേഷം, രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് ക്ലോഡിയ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാനപ്പെട്ട ഉറപ്പ്. ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലനിയന്ത്രണവും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സാമ്പത്തിക സഹായം, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ക്ലോഡിയ ഉറപ്പ് നല്‍കിയിരുന്നു.
61കാരിയായ ക്ലോഡിയ കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ്. 100ലധികം ലേഖനങ്ങളും രണ്ട് പുസ്തകങ്ങളും ക്ലോഡിയ എഴുതിയിട്ടുണ്ട്. 2018ല്‍ ലോകത്ത് സ്വാധീനം ചെലുത്തിയ 100 സ്ത്രീകളുടെ ബി.ബി.സിയുടെ പട്ടികയില്‍ ക്ലോഡിയ ഇടംപിടിച്ചിരുന്നു. 2024ല്‍ ലോകത്തെ ഏറ്റവും ശക്തരായ നാല് സ്ത്രീകളില്‍ ഒരാളായി ഫോര്‍ബ്സ് ക്ലോഡിയയെ തെരഞ്ഞെടുത്തിരുന്നു.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിലുള്ള ക്ലോഡിയയുടെ സംഭാവനകളും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയ ലിംഗ നിക്ഷ്പക്ഷ യൂണിഫോം പദ്ധതിയും ശ്രദ്ധേയമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും പങ്കെടുത്ത മാതാപിതാക്കളുടെ പശ്ചാത്തലം ക്ലോഡിയയെ ലോകത്തെ ശക്തരായ ഇടത് നേതാക്കളില്‍ ഒരാളായി ഉയര്‍ത്തുകയും ചെയ്തു.
Content Highlight: Claudia Sheinbaum Pardo; Voice of the Mexican Left Against Trump