കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ദുര്‍ഗ പൂജ ഘോഷയാത്രക്കിടയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്റെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം.
കട്ടക്ക് മുന്‍സിപാലിറ്റിയിലെ ദര്‍ഗ ബസാറിലൂടെ കടന്നുപോവുകയായിരുന്ന ഘോഷയാത്രയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മറികടന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ മോട്ടോര്‍സൈക്കിള്‍ റാലി നടത്തുകയും കടകള്‍ ആക്രമിക്കുകയും ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ദര്‍ഗ ബസാറിലാണ് ദുര്‍ഗ പൂജ യാത്രക്കിടെ സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചും 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തും സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പി പൊലീസിന്റെ സമാധാന ശ്രമങ്ങളെ വെല്ലുവിളിക്കുകയായിരുന്നു.

കത്തജോഡി നദിയുടെ സമീപത്തുള്ള ദര്‍ഗ ബസാര്‍ പരിസരത്ത് വെച്ച് ശനിയാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ദുര്‍ഗ പൂജയുടെ ഭാഗമായ വിഗ്രഹ നിമഞ്ജന യാത്രക്കിടയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നു.
പുലര്‍ച്ചെ 2 മണിയോടെയുണ്ടായ ഈ ശബ്ദകോലാഹലം പരിസരവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കല്ലേറിലും കലാശിച്ചു.
ബോട്ടിലുകളും കല്ലുകളും ഉപയോഗിച്ച് ഘോഷയാത്രയിലെ ആളുകളും പരിസരവാസികളും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. കട്ടക്ക് ഡി.സി.പി ഖിലാരി റിഷികേഷ് ഡ്യാന്‍ഡിയോ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.



