മണിപ്പൂർ കലാപം; ഗവർണർക്ക് നിവേദനം നൽകാനെത്തിയ പ്രതിപക്ഷ പാർട്ടികളും പൊലീസും ഏറ്റുമുട്ടി
national news
മണിപ്പൂർ കലാപം; ഗവർണർക്ക് നിവേദനം നൽകാനെത്തിയ പ്രതിപക്ഷ പാർട്ടികളും പൊലീസും ഏറ്റുമുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 11:45 am

ഇംഫാൽ: ഇംഫാലിൽ മണിപ്പൂർ ഗവർണർക്ക് നിവേദനം നൽകാൻ പുറപ്പെട്ട പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.
അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നും ഗവർണർ അനുസുയ ഉയിക്കിക്ക് നിവേദനം കൈമാറാൻ പാർട്ടി പ്രവർത്തകർക്ക് സാധിച്ചുവെന്നും ഉഖ്റുൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

കോൺഗ്രസ്‌, തൃണമൂൽ കോൺഗ്രസ്‌, സി.പി.ഐ.എം, ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള 10 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ്, മണിപ്പൂരിൽ നടക്കുന്ന വംശഹത്യയിൽ ഇടപെടുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് നിവേദനം നൽകിയത്.

മണിപ്പൂർ സർക്കാർ ഏർപ്പെടുത്തിയ എല്ലാ നിരോധനങ്ങളും പിൻവലിക്കണമെന്നും സമാധാന ചർച്ചകൾ നടത്തണമെന്നും ദുരിതാശ്വാസ പദ്ധതികൾ കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈയിടെ കൊല്ലപ്പെട്ട രണ്ട് മെയ്തേയ് വിദ്യാർത്ഥികളുടെ മൃതശരീരം കൈമാറാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധന നടപടികളിലൂടെ സംസ്ഥാന സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികവകാശങ്ങൾ ഹനിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ നിവേദനത്തിൽ പറയുന്നു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി അഭിമാനത്തോടെ പറയുമ്പോൾ മാധ്യമങ്ങൾക്കും വ്യക്തികൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവുകയും സമാധാനത്തോടെ സമ്മേളിക്കാനും സർക്കാരിന്റെ തെറ്റുകളെ വിമർശിക്കാനും സാധിക്കണം.

മെയ് മാസം വംശഹത്യ ഉടലെടുത്തത് മുതൽ സമാധാന ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നുണ്ട്.

‘സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇടപെടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിസമ്മതിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ഉദ്ദേശിച്ച് പുറത്ത് നിന്നുള്ള ഭീകര സംഘടനകളുടെ ഗൂഢാലോചനയാണ് സംഘർഷത്തിന് കാരണമെന്ന സിദ്ധാന്തത്തിൽ പക്ഷം ചേരാൻ ശ്രമിക്കുകയാണ് ഇരുസർക്കാരുകളും,’ നിവേദനത്തിൽ പറയുന്നു.

നേരത്തെ, സംസ്ഥാനത്തെ കലാപത്തിന് കാരണം സമുദായങ്ങൾക്കിടയിലെ തർക്കമല്ലെന്നും, വനസംരക്ഷണത്തിനും പോപ്പി ചെടികൾ ഇല്ലാതാക്കുന്നതിനുമുള്ള സർക്കാർ നയത്തിനോടുള്ള പ്രതിരോധമാണെന്ന വാദവുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രംഗത്ത് വന്നിരുന്നു. വംശഹത്യക്ക് പിന്നിൽ കൂകി ഭീകരവാദികളാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlight: Clashes between Police and Opposition during an attempt to deliver Memorandum to Governor