ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. മെയ്‌തെയ് സംഘടനയായ ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് വിലക്കിയത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വാദം. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.
അടുത്തിടെ മണിപ്പൂരില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു സംഘം എം.എല്‍.എമാര്‍ ശ്രമം നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 10 എം.എല്‍.എമാര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിക്കുകയായിരുന്നു. എട്ട് ബി.ജെ.പി എം.എല്‍.എമാരും എന്‍.പി.പിയില്‍ നിന്നുള്ള ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും അടങ്ങുന്ന സംഘമാണ് ഗവര്‍ണറെ സമീപിച്ചത്.
രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 22 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് എം.എല്‍.എമാരുടെ സംഘം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഗവര്‍ണറെ സന്ദര്‍ശിച്ച 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തിലാണ് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
Content Highlight: Clashes again in Manipur; Internet services suspended in five districts